ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരമുള്ള സാമ്പത്തിക ഉപകരണമായി മാറിയിട്ടുമുണ്ട്. അത്യാവശ്യം നേരത്ത് പണമില്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കാതെ പണം ലഭിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ക്രെഡിറ്റ് കാർഡ്. സാങ്കേതികമായി പറഞ്ഞാൽ ഒരു ധനകാര്യ സ്ഥാപനം നൽകുന്ന പേയ്‌മെൻ്റ് കാർഡാണ് ക്രെഡിറ്റ് കാർഡ്, അത് സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾക്കായി പണം നൽകാനും ഉപയോഗിക്കാം.
സാധാരണയായി ആളുകൾ ഒരു ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നു. അപേക്ഷകന്റെ യോഗ്യതയും ക്രെഡിറ്റ് പരിധിയും നിർണ്ണയിക്കാൻ ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് ഹിസ്റ്ററി, വരുമാനം, ക്രെഡിറ്റ് സ്കോർ, തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കും. യോഗ്യത നേടിയാൽ, ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ബാങ്ക് നമുക്ക് വേണ്ടി പൈസ കടം തരുന്നു. എന്നാൽ അതിനൊരു ക്രെഡിറ്റ് പരിധി ബാങ്ക് തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഏത് സമയത്തും നിങ്ങൾക്ക് വായ്പയെടുക്കാൻ കഴിയുന്ന പരമാവധി തുകയാണ് നിങ്ങളുടെ ക്രെഡിറ്റ് പരിധി. ബാങ്ക് നിങ്ങൾക്ക് പ്രതിമാസ സ്റ്റേറ്റ്‌മെൻ്റ് അയയ്‌ക്കും, അത് ആ മാസത്തെ നിങ്ങളുടെ എല്ലാ ഇടപാടുകളും കൂടാതെ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ പേയ്‌മെൻ്റും കാണിക്കും. പലിശ നിരക്കുകളില്ലാതെ നിങ്ങളുടെ ബാലൻസ് പൂർണ്ണമായി അടയ്ക്കുന്നതിന് നിങ്ങൾക്ക് ഒരു ഗ്രേസ് പിരീഡ് (സാധാരണയായി 21 ദിവസം) ഉണ്ട്. നിശ്ചയിച്ച തീയതിക്കുള്ളിൽ പൈസ തിരിച്ചു കൊടുക്കുമ്പോൾ പലിശ കൊടുക്കേണ്ടതില്ല. ബാലൻസ് മുഴുവനായും അടച്ചില്ലെങ്കിൽ, ബാക്കിയുള്ള തുകയ്ക്ക് പലിശ ഈടാക്കും.
ക്രെഡിറ്റ് കാർഡുകൾ പലവിധം
ആകർഷണീയമായ ക്രെഡിറ്റ് കാർഡുകളെന്നും ക്യാഷ്ബാക്ക് കാർഡുകളാണ്. ദൈനംദിന വാങ്ങലുകൾക്ക് അനുയോജ്യമായ കാർഡാണ് ഇത്. ഈ കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ചെലവിൻ്റെ ഒരു ശതമാനം പണമായി തിരികെ ലഭിക്കുന്നു. യാത്ര, ഡൈനിംഗ് അല്ലെങ്കിൽ ഇന്ധനം പോലുള്ള നിർദ്ദിഷ്ട വിഭാഗങ്ങളിൽ പോയിൻ്റുകൾ, ക്യാഷ്ബാക്ക് എന്നിവ നൽകുന്ന റിവാർഡ് കാർഡുകളും തിരഞ്ഞെടുക്കുന്നവർ ഇന്നേറെയാണ്. ട്രാവൽ കാർഡുകളാണെങ്കിലൊ എയർപോർട്ട് ലോഞ്ച് ആക്‌സസ്, ട്രാവൽ ഇൻഷുറൻസ്, പതിവ് യാത്രക്കാർക്ക് റിവാർഡ് പോയിന്റുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. പ്രത്യേക സ്റ്റോറുകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ റിവാർഡ് പോയിൻ്റുകളോ ഡിസ്‌കൗണ്ടുകളോ നൽകുന്ന ക്രെഡിറ്റ് കാർഡുകളാണ് ഷോപ്പിംഗ് കാർഡുകൾ. പതിവായി യാത്രകൾ പോകുന്നവർക്കും ഡ്രൈവർമാർക്കും പ്രയോജനപ്രദമായ കിഴിവുകളും ക്യാഷ്ബാക്കും നൽകുന്ന ക്രെഡിറ്റ് കാർഡുകളാണ് ഫ്യൂൽ കാർഡുകൾ.
ചില നേട്ടങ്ങൾ
- പണം കൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു
- ഓൺലൈൻ ഇടപാടുകൾ ലളിതമാക്കുന്നു
- കുറഞ്ഞകാലത്തേക്ക് പലിശയില്ലാതെ പണം കടം കിട്ടുന്നു
- ചെലവ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു
- ഒരു എമർജൻസി ഫണ്ട് കയ്യിലുണ്ടാകുന്നു
- ക്രെഡിറ്റ് കാർഡുകൾ ഫ്രോഡുകളിൽ നിന്ന് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ മറ്റാരെങ്കിലും ദുർവിനയോഗം ചെയ്യതാൽ നിങ്ങൾ ബാധ്യസ്ഥരല്ല.
- പല ക്രെഡിറ്റ് കാർഡുകളും നിങ്ങളുടെ വാങ്ങലുകളിൽ പോയിൻ്റുകൾ, ക്യാഷ്ബാക്ക്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ റിവാർഡ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.
- ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോർ നിർമ്മിക്കാൻ സഹായിക്കുന്നു
പൈസ തിരച്ചടിക്കാൻ സാധിച്ചില്ലെങ്കിൽ വരുന്ന പലിശ വളരെ വലുതാണ്. 35% മുതൽ 45% വരെ ആനുവൽ റേറ്റ് ചിലസമയങ്ങളിൽ ഈടാക്കാറുണ്ട്. ഒരു തവണ തിരിച്ചടവ് മുടങ്ങിയാൽ പോലും ക്രെഡിറ്റ് കാർഡ് ഉണ്ടാക്കുന്ന ബാധ്യത വലുതാണ്. ആവശ്യത്തിനു അനാവശ്യത്തിനും കാശ് കൈയ്യിലിലെങ്കിലും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഒരു ത്വര ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കുന്നു. ക്രെഡിറ്റ് കാർഡുകൾ കടമെടുത്ത് ജീവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു അനാവശ്യമായി സാധനങ്ങൾ വാങ്ങികൂട്ടുന്നതിന് ഇരയാകരുത്. നിങ്ങൾ കടത്തിൽ മുങ്ങുമ്പോൾ, കിട്ടുന്ന റിവാർഡുകൾ കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല.
ചില പോരായ്മകൾ
- ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ഉയർന്ന പലിശ നിരക്കുകൾ വഹിക്കുന്നു
- ഓരോ മാസവും നിങ്ങളുടെ ബാലൻസ് പൂർണ്ണമായി അടച്ചില്ലെങ്കിൽ, ബാക്കിയുള്ള ബാലൻസിന് നിങ്ങളിൽ നിന്ന് വലിയ പലിശ ഈടാക്കും. ഈ പലിശ നിരക്കുകൾ പെട്ടെന്ന് കൂടുകയും കടം വീട്ടുന്നത് വലിയൊരു പ്രശ്നമായി തീരുകയും ചെയ്യും.
- ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
- ക്രെഡിറ്റ് കാർഡിന് മുകളിൽ വാർഷിക ഫീസ്, ക്യാഷ് അഡ്വാൻസ് ചാർജുകൾ, വിദേശ ഇടപാട് ഫീസ് തുടങ്ങിയ പലതരം ഫീസുകൾ ബാങ്കുകളും ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസും ഏർപ്പെടുത്താറുണ്ട്.
- അനാവശ്യമായി പണം ചെലവഴിക്കാൻ ക്രെഡിറ്റ് കാർഡുകൾ നമ്മളെ പ്രേരിപ്പിക്കും.
അച്ചടക്കത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ നല്ലതാണ്. നമ്മുടെ. ക്രെഡിറ്റ് കാർഡുകൾ നല്ലൊരു കാര്യമാണെങ്കിലും കടക്കെണിയിൽ വീഴ്ത്താനും ക്രെഡിറ്റ് കാർഡ് തന്നെ മതി. കടത്തിൽ വീഴാതിരിക്കാൻ ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
- ഒരു കാർഡ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ചെലവ് ശീലങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിക്കുക.
- ക്രെഡിറ്റ് കാർഡ് ചാർജുകളെ കുറിച്ച് അറിഞ്ഞിരിക്കണം. പലിശ നിരക്കുകൾ, മിനിമം പേയ്‌മെൻ്റുകൾ, ലേറ്റ് ഫീസ് തുടങ്ങിയ നിബന്ധനകൾ മനസ്സിലാക്കുക.
- ഓരോ മാസവും പൂർണ്ണമായി അടയ്ക്കാൻ കഴിയുന്ന തുകയ്ക്ക് മാത്രം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
- ഒരുകാരണവശാലും ക്രെഡിറ്റ് ലിമിറ്റ് മുഴുവനായും ഉപയോഗിക്കരുത്. ക്രെഡിറ്റ് പരിയുടെ 40%-50%ത്തിന് താഴെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
- എമർജൻസി ഫണ്ടായി ക്രെഡിറ്റ് കാർഡ് കരുതിവെക്കാം
- പെട്ടെന്നുള്ള ഷോപ്പിങ്ങിനും അനാവശ്യമായ പർചേയ്സിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക.
- ഒരിക്കലും പെയ്മെൻറ് ഡേറ്റ് മറന്നുകളയാതിരിക്കുക
- പേയ്‌മെൻ്റുകൾ ഉറപ്പാക്കാൻ സ്വയമേവയുള്ള പേയ്‌മെൻ്റുകളോ ഓർമ്മപ്പെടുത്തലുകളോ സജ്ജീകരിക്കുക.
- മിനിമം ചാർജ് അടച്ചു ക്രെഡിറ്റ് കാർഡ് നിലനിർത്തുന്നത് അവസാനിപ്പിക്കുക
- പലിശ ഒഴിവാക്കാൻ ഓരോ മാസവും നിങ്ങളുടെ ബാലൻസ് മുഴുവനായി അടക്കുക
- കുറെയധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുക
- അമിതമായ പലിശ നിരക്കുകളും ഫീസും വരാനുള്ള സാധ്യത മുന്നിൽകണ്ട് ക്യാഷ് അഡ്വാൻസുകൾ ഒഴിവാക്കുക.
- നിങ്ങളുടെ ചെലവുകളുടെ ട്രാക്ക് സൂക്ഷിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുകയും ചെയ്യുക.
- ആനുകൂല്യങ്ങൾ ചെലവിനേക്കാൾ കൂടുതലായില്ലെങ്കിൽ ഉയർന്ന വാർഷിക ഫീസ് ഉള്ള കാർഡുകൾ ഒഴിവാക്കുക.
നിങ്ങളുടെ ക്രെഡിറ്റ് കാർഡിനെ ഒരു പേയ്‌മെൻ്റ് ഉപകരണമായി മാത്രം പരിഗണിക്കുക, ക്രെഡിറ്റ് കാർഡുകൾ സൗജന്യ പണത്തിൻ്റെ ഉറവിടമല്ല. അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടത് സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണ്. നേട്ടങ്ങളും പോരായ്മകളും മനസിലാക്കുന്നതിലൂടെ ക്രെഡിറ്റ് കാർഡുകളുടെ യഥാർത്ഥ സാധ്യതകൾ തുറക്കുന്നതിനും അവയുടെ കെണികൾ ഒഴിവാക്കുന്നതിനും സാധിക്കും. അങ്ങനെ നിങ്ങളുടെ സാമ്പത്തിക യാത്രയിൽ ക്രെഡിറ്റ് കാർഡിനെ ശത്രുവല്ല, മിത്രമാക്കി മാറ്റാം.