ചെറിയ കുട്ടികളായിരിക്കുമ്പോൾ മുതൽ പണത്തെക്കുറിച്ചു പറഞ്ഞും പഠിപ്പിച്ചും വളർത്തുന്നത് ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കും. ഭാവിയിൽ സാമ്പത്തിക വിജയത്തിനായി അവരെ സജ്ജമാക്കും. നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനും ധാരണയ്ക്കും അനുസൃതമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിലൂടെ, സാമ്പത്തിക സാക്ഷരതയ്ക്കും ഉത്തരവാദിത്തമുള്ള പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ അടിത്തറ വികസിപ്പിക്കാനും അവരെ നിങ്ങൾ സഹായിക്കുന്നു.
കുട്ടിയുടെ പ്രായത്തിനനുസരിച്ച് വേണം പണത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ. മൂന്ന് വയസ്സ് മുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാം. ചെറിയ ചെറിയ കളികളാണ് അതിനുള്ള നല്ല മാർഗം. പണമിടപാടുകാരോ ഷോപ്പർമാരോ ആയി അഭിനയിക്കാനോ പണം ഉൾപ്പെടുന്ന ബോർഡ് ഗെയിമുകൾ കളിക്കാനോ കുട്ടികൾക്കൊപ്പം കൂടാം. കടലാസ് കഷ്ണങ്ങളെ രൂപയായി മാറ്റി എണ്ണാനും കടയിൽ നിന്ന് സാധനം വാങ്ങാനും ഉപയോഗിക്കുന്നതായി അനുകരിക്കാം. എന്നാൽ ഈ പ്രായത്തിൽ കോയിനുകൾ കളികളിൽ ഉൾപ്പെടുത്താത്തതാണ് നല്ലത്.
സമ്പത്തിനെക്കുറിച്ച് പഠിപ്പിക്കുന്നതിന് മുൻപ് ഭക്ഷണം അനാവശ്യമായി പാഴാക്കാതിരിക്കുക, ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പോകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യുക, വെള്ളം പാഴാകാതിരിക്കുക, കളിസാധങ്ങൾ ഒതുക്കി വയ്ക്കുക മുതലായ കുട്ടികളിൽ അച്ചടക്കമുണ്ടാക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ തുടങ്ങുന്നതാണ് നല്ലത്. നല്ല ശീലങ്ങൾ പഠിപ്പിക്കുതിനോടൊപ്പം കുട്ടികളിൽ സാമ്പത്തിക കാര്യങ്ങളിലും ഒരു അച്ചടക്കം കൊണ്ടുവരാൻ സാധിക്കും.
അഞ്ചു ആറു വയസ്സാകുന്നതോടെ പണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാം. നാം മനസ്സിലാക്കിയ സാമ്പത്തിക പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണ് ആദ്യം വേണ്ടത്. വ്യത്യസ്ത നാണയങ്ങളും എടിഎം കാർഡുകളും, പണം എണ്ണുന്നതും, സാധനങ്ങൾ വാങ്ങാൻ പണം ഉപയോഗിക്കുന്നതും അവരെ പരിചയപ്പെടുത്താം. കളി സാധനങ്ങളും ചോക്ലേറ്റും ബിസ്കറ്റുമെല്ലാം വാങ്ങാൻ എങ്ങനെ പണം സമ്പാദിക്കുന്നു എന്നതിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക. അവർക്ക് ആവശ്യമുള്ള വസ്തുക്കളും (ഭക്ഷണം, വസ്ത്രം) അവർ ആഗ്രഹിക്കുന്ന വസ്തുക്കളും (കളിപ്പാട്ടങ്ങൾ, ഗെയിമുകൾ) തമ്മിൽ വേർതിരിച്ചറിയാൻ അവരെ സഹായിക്കുക. എന്താണ് ആവശ്യങ്ങളും ആഗ്രഹങ്ങളും എന്ന് കുട്ടികൾക്ക് ശരിയായി പറഞ്ഞു കൊടുക്കണം. ഭക്ഷണം ഒരു ആവശ്യമാണെന്നും എന്നാൽ ചോക്ലേറ്റ് പോലുള്ള കാര്യങ്ങൾ ആഗ്രഹങ്ങൾ ആണെന്നും പഠിപ്പിക്കണം.
പണത്തിന്റെ മൂല്യം, അത് സമ്പാദിക്കാനുള്ള കഷ്ടപ്പാടുകൾ, ഒരു നല്ല ജീവിതം ജീവിക്കാൻ എത്ര പണം ആവശ്യമാണ്, തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. പൈസ സമ്പാദിക്കുന്നതിന്റെ ബുദ്ധിമുട്ടും വെറുതെ ചിലവാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കണം. കുട്ടികൾക്ക് വെറുതെ പൈസ കിട്ടുമ്പോൾ അതിൻറെ വില മനസ്സിലാകണമെന്നില്ല. അപ്പോൾ ചിലവഴിക്കാനും ബുദ്ധിമുട്ട് തോന്നില്ല. അതിനാൽ സമ്പാദിക്കാൻ ഒരു അവസരം കൊടുക്കുക. ചെറിയ ചെറിയ ജോലികൾ ചെയ്യുമ്പോൾ അതിനൊരു പ്രതിഫലം കൊടുക്കാം.
കുറച്ചുകൂടി മുതിർന്നുകഴിഞ്ഞാൽ വീട്ടുജോലികളിലൂടെയോ ചെറിയ പോക്കറ്റ് മണിയായോ പണം സമ്പാദിക്കുന്നതിനെക്കുറിച്ചും ലക്ഷ്യങ്ങൾക്കായി കരുതിവെക്കുന്നതിനെക്കുറിച്ചും ചെലവഴിക്കുന്നതിനു മുൻപ് ചിന്തിച്ചു തീരുമാനങ്ങളെടുക്കാനും അവരെ പഠിപ്പിക്കുക. അവരെ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനോ അടുത്തുള്ള കടകളിനിന്നു ചെറിയ സാധങ്ങൾ വാങ്ങുന്നതിനോ കൂടെക്കൂട്ടുകയും സാധങ്ങൾ വാങ്ങുന്നതിനു പകരമായി പണം നൽകുന്നതിനും തിരിച്ചു കിട്ടുന്ന ബാക്കി പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ശീലിപ്പിക്കുക. വിലകൾ താരതമ്യം ചെയ്യാനും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി പണം കൈകാര്യം ചെയ്യാനും സഹായിക്കുക. പൈസയെ കുറിച്ച് പോസിറ്റീവായി പറഞ്ഞു കൊടുക്കണം.
കുട്ടികൾക്ക് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പണം സ്വരൂപിക്കാൻ പഠിപ്പിക്കാം. ഒരു കാര്യവുമില്ലാതെ വെറുതെ പണം സേവ് ചെയ്യാൻ പറഞ്ഞാൽ കുട്ടികൾക്ക് യാതൊരു താൽപര്യവും കാണില്ല. അതേസമയം ആഗ്രഹിക്കുന്ന ഒരു സാധനം വാങ്ങാനായി സമ്പാദിക്കണം എന്ന് പറഞ്ഞാൽ ഒരു താല്പര്യമുണ്ടാവുകയും അതിനു വേണ്ടി പണം കൂട്ടിവയ്ക്കാനും അവർ തുടങ്ങും. ഒരു കളിപ്പാട്ടം വാങ്ങുന്നത് പോലെ ചെറിയ, കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് തുടങ്ങുക.
പൈസ കാണാൻ കഴിയുന്ന തരത്തിലുള്ള ജാറുകളിലോ കാശുകുടുക്കയിലോ പിഗ്ഗി ബാങ്കുകളിലോ ഇട്ടുവയ്ക്കുന്നതാണ് നല്ലത്. ജാറിലെ പണം നിറയുന്നത് കാണാൻ കഴിയുന്നതുകൊണ്ട് കുട്ടികൾക്ക് വീണ്ടും വീണ്ടും അതിൽ നിക്ഷേപിക്കാൻ താല്പര്യം തോന്നും. കുട്ടികൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഈ കാശുകുടുക്കയിൽ നിന്ന് കാശ് എടുത്ത് വാങ്ങിക്കൊടുക്കാം. അപ്പോൾ അതിൽ നിന്ന് എത്ര കുറയും എന്നതിനെക്കുറിച്ചും ഒരു ധാരണ അവർക്ക് ലഭിക്കും.
ചെറിയ ജോലികളിലൂടെ കുട്ടികൾ സ്വന്തം പണം സമ്പാദിക്കുന്നതിനോടൊപ്പം നിങ്ങൾക്കും പ്രോത്സാഹനംപോലെ കുറച്ചു പൈസ അധികമായി നൽകി ടാബ്ലെറ്റ്, സ്പോർട്സ്കിറ്റ് മുതലായ വലിയ ലക്ഷ്യങ്ങൾ വാങ്ങാൻ അവരെ സഹായിക്കാം. വലിയ ലക്ഷ്യങ്ങൾക്കായി ചെറിയ ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ടി വന്നേക്കാം. എന്നാലിത് കഠിനാധ്വാനത്തിൻ്റെയും ഉത്തരവാദിത്തമുള്ള ചെലവിൻ്റെയും മൂല്യം പഠിപ്പിക്കുന്നു. ആവേശകരമായ ചിലവുകൾക്ക് പകരം വലിയ ലക്ഷ്യങ്ങൾക്കായി കാത്തിരിക്കേണ്ടതിൻ്റെയും ലാഭിക്കുന്നതിൻ്റെയും പ്രാധാന്യം പഠിപ്പിക്കുക. ശേഖരിച്ചുവച്ച പണംകൊണ്ട് മറ്റുളവരെ സഹായിക്കാനുള്ള മനസ്ഥിതിയും കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം.
കൗമാരപ്രായത്തിലെത്തുമ്പോഴേക്കും നികുതികൾ, നിക്ഷേപം, ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യൽ തുടങ്ങിയ സങ്കീർണ്ണമായ സാമ്പത്തിക വിഷയങ്ങളെ അവർക്ക് പരിചയപ്പെടുത്തികൊടുക്കാം. പണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കാം. കുടുംബ ബജറ്റ് ചർച്ചകളിലും തീരുമാനങ്ങൾ എടുക്കുന്നതിലും അവരെ ഉൾപ്പെടുത്തുക. അവർക്ക് ചിൽഡ്രൻസ് സേവിംഗ് ബാങ്ക് അക്കൗണ്ട് തുടങ്ങികൊടുക്കാം. ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇത്തരം അക്കൗണ്ടുകളിൽ ലഭ്യമാണ്.
സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കി അവരുടെ സ്വന്തം സാമ്പത്തിക തിരഞ്ഞെടുപ്പുകളിൽ നിന്ന് പഠിക്കാൻ അവരെ അനുവദിക്കാം. ചെറിയ തെറ്റുകൾ വരും എങ്കിലും പിന്നീടുള്ള ജീവിതത്തിൽ ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഇത് അവരെ പ്രാപ്തരാക്കും. കുട്ടികളുടെ സമ്പാദ്യ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യാം. ഹോബികൾ, കരകൗശലവസ്തുക്കൾ പോലെ പണം സമ്പാദിക്കാനുള്ള വഴികൾ, പാർട്ട് ടൈം ജോലികൾ അല്ലെങ്കിൽ സന്നദ്ധപ്രവർത്തനം പോലെയുള്ള കാര്യങ്ങൾ കണ്ടെത്തിവന്നാൽ അവരെ പ്രോത്സാഹിപ്പിക്കുക.
ഓർക്കുക, മാതാപിതാക്കളാണ് കുട്ടികളുടെ ഏറ്റവും വലിയ മാതൃക. കുട്ടികൾ നിരീക്ഷിക്കുന്നതിലൂടെ പഠിക്കുന്നു, അതിനാൽ ഉത്തരവാദിത്തമുള്ള സാമ്പത്തിക പെരുമാറ്റം മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം. പണത്തെക്കുറിച്ച് തുറന്ന് സത്യസന്ധമായി സംസാരിക്കുക. യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ ഉപയോഗിക്കുക, സാമ്പത്തിക ആശയങ്ങൾ അവർ ശ്രദ്ധിക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കുക. പണത്തെക്കുറിച്ചുള്ള ചർച്ചകളിലും പ്രവർത്തനങ്ങളിലും മുഴുവൻ കുടുംബത്തെയും ഉൾപ്പെടുത്തുക. കുട്ടികളിൽ നല്ല സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഭാവിയിൽ അവരെ വിജയത്തിലേക്ക് നയിക്കും.