കെണിയൊരുക്കി കാത്തിരിക്കുന്നവർ…

FinanceFuel

ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ, ആയിരം രൂപ ദിവസേന നേടൂ; പുതിയ ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്താൽ നൂറിരട്ടി ലാഭം നേടാം; ഗോൾഡ് ബാറുകൾ പകുതി വിലയ്ക്ക് വിൽക്കപ്പെടും ഇങ്ങനെ പലതര വാഗ്ദാനങ്ങൾ ദിവസേന നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നു. ചിലതിലെല്ലാം നാം അറിയാതെ പെട്ടുംപോകുന്നു. ഓൺലൈൻ തട്ടിപ്പ്, മൈക്രോഫിനാൻസ് ഫ്രോഡ്, ഷെയർ മാർക്കറ്റ് തട്ടിപ്പ് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് തുടങ്ങി ഇന്ന് സാമ്പത്തിക തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. കൂടുതൽ ആളുകൾ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തിക തട്ടിപ്പുകളും കൂടാൻ തുടങ്ങി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നോക്കിയാൽ ഓടിപി ഫ്രോഡിൽ തുടങ്ങി ലോൺ ആപ്പുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ വരെ എത്തി നിൽക്കുകയാണ് കേരളം.

ദിവസവും ശരാശരി അമ്പതിൽ കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പോലീസ് കണക്കുകൾ പ്രകാരം ആറ്തരം ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ഇൻവെസ്റ്റ്മെൻന്റ് ലോൺ തട്ടിപ്പുകളും ഓൺലൈൻ ട്രൈഡിങ് തട്ടിപ്പുകളുമാണ്. ഇതിനിരയാകുന്നവരാകട്ടെ തൊഴിൽരഹിതർ, സ്ത്രീകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവരും. 

കൊറോണക്കുശേഷം ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് വലിയ പുരോഗതിയാണ് സംഭവിച്ചത്. ബാങ്കിംഗ് ആപ്പുകളുടെ ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ യുപിഐ ആപ്പുകൾ വഴിയാണ് മിക്ക പണഇടപാടുകളും നടക്കുന്നത്. ബാങ്കിൽ പോയി ചെയ്യുന്ന പല കാര്യങ്ങളും നമ്മൾ വീട്ടിലിരുന്ന് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവരും ഇത്തരം സാധ്യതകളെ ഉപയോഗിച്ച് എളുപ്പത്തിൽ പണം തട്ടിയെടുക്കുന്നു. 

ഫിഷിംഗ്,വിഷിംഗ്,സ്കിമ്മിംഗ് എന്നിങ്ങനെയുള്ള പേരുകളിലാണ് സാധാരണ കണ്ടുവരുന്ന തട്ടിപ്പുകൾ നടക്കുന്നത്. തട്ടിപ്പുക്കാർ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ആണെന്ന് നടിച്ച് ഇമെയിലുകളോ എസ്എംഎസുകളോ അയയ്‌ക്കുന്നു. മൊബൈലിലേക്ക് ഒരു കോളോ മെസ്സേജോ ഇമെയിലോ ബാങ്കിൻറെ ഭാഗത്തുനിന്നാണ് എന്ന വ്യാജ വരുന്നു എന്നുമാത്രമല്ല അതിലൂടെ നമ്മുടെ പേരും അഡ്രസ്സും എന്തിന് ജനനതീയതി വരെ കൃത്യമായി പറഞ്ഞു തരുന്നു. ഇതെല്ലാം കേട്ട് തട്ടിപ്പ് മനസ്സിലാവാതെ പണം കളയുന്നവരാണ് നമ്മളിൽ പലരും. ഇത്തരം കോളുകളും മെസ്സേജുകളും ഈമെയിലുകളും വരുമ്പോൾ അവയ്ക്ക് മറുപടികൾ നൽകാതിരിക്കുക. ഒരു കാരണവശാലും രഹസ്യ വിവരങ്ങൾ ആയ ഒടിപി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പിൻ നമ്പർ, കാർഡുകളുടെ പിൻഭാഗത്തുള്ള സിവിവി തുടങ്ങിയ വിവരങ്ങൾ കൈമാറാകരിക്കുക.

വ്യാജ എസ്എംഎസുകളിലൂടെയും പണം തട്ടലുകൾ നടക്കാറുണ്ട്. ബാങ്കിൽ നിന്ന് മാത്രമല്ല കെഎസ്ഇബിയിൽ നിന്നാണെന്ന് വരെ പറഞ്ഞ് മെസ്സേജുകൾ വരുകയും നിങ്ങൾ പണം അടച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ സേവനം കട്ടാക്കും എന്നും പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇത് പലപ്പോഴും ഒരു പേഴ്സണൽ നമ്പറിൽ നിന്നായിരിക്കും വരിക. എന്നാൽ മെസ്സേജ് മാത്രം ശ്രദ്ധിക്കുന്ന നാം അവരുടെ ചതിക്കുഴികളിൽ വീണു പോകുന്നു.

ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് സാധങ്ങൾ വാങ്ങി ക്യാൻസൽ ചെയ്തിട്ടുണ്ടെങ്കിൽ  റീഫണ്ട് തരാമെന്ന വ്യാജേന വരുന്ന വിളികളുമുണ്ട്. അതിലൂടെ യുപിഐ പിൻ ചോദിക്കുമ്പോൾ ഒന്നും ചിന്തിക്കാതെ യുപിഐ പിൻ കൊടുക്കുകയും പണം സ്പോട്ടിൽ പോവുകയും ചെയ്യും. ചില ആളുകൾ ക്രെഡിറ്റ്, ഡെബിറ്റ് എടിഎം കാർഡ്, സിവിവി  നമ്പർ, കാർഡിന്റെ പിൻ നമ്പർ ഇതെല്ലാം ഫോട്ടോയെടുത്ത് ഫോണിൻറെ ഗ്യാലറിയിൽ സൂക്ഷിക്കും. ഇന്നത്തെ കാലത്ത് അതും ഒട്ടും സേഫല്ല. മൊബൈൽ ഡാറ്റകൾ ലീക്കാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകൾ തുടങ്ങിയവയിൽ നിന്നല്ലാതെ മറ്റിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യത പതിയിരിക്കുന്നു. കൂടാതെ നമ്മൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന സൈറ്റുകളിൽ ഉദാഹരണത്തിന് ഷോപ്പിംഗ് സൈറ്റുകളിൽ നമ്മുടെ കാർഡ് ഡീറ്റെയിൽസുകൾ നൽകുകയും അതിൽ സേവ് ചെയ്തുവെക്കുകയും ചെയ്യാറുണ്ട്. ഇന്ത്യക്കകത്ത് അത്തരം സൈറ്റുകളിൽ പൈസ കൈമാറണമെങ്കിൽ ഒടിപി ആവശ്യമാണ്. എന്നാൽ ഇന്ത്യക്ക് പുറത്ത് ഇന്റർനാഷണൽ സൈറ്റുകളിൽ ഓടിപി വരാതെ തന്നെ ഇത്തരം സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പത്തിൽ നടക്കും. വിശ്വാസമില്ലാത്ത ഇൻറർനാഷണൽ സൈറ്റുകളിൽ ഒരു കാരണവശാലും കാർഡ് ഡീറ്റെയിൽസുകൾ സേവ് ചെയ്തുവെക്കാതിരിക്കുക.

വ്യാജ ലോൺ ആപ്പുകൾ

വ്യാജ ലോൺ ആപ്പുകളാണ് മറ്റൊരു രീതി. ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ലോൺ കിട്ടും. ഈടില്ലാതെ, ജാമ്യമില്ലാതെ ഒരു തുക വായ്പയായി കിട്ടും എന്ന് ഒറ്റ കാരണത്താലാണ് ലോൺ ആപ്പുകളെ മിക്കവരും ആശ്രയിക്കുന്നത്. ഇത്തരം ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ പല പെർമിഷനുകളും നമ്മൾ നൽകുന്നുണ്ട്. വ്യക്തിവിവരങ്ങളും ഫോണിലെ കോൺടാക്ട്സും കോൾ ഡീറ്റെയിൽസും ചിത്രങ്ങളും ലൊക്കേഷനുകളും എല്ലാം അവർ അതിൽ നിന്ന് കണ്ടെത്തും. പിന്നീടത് വെച്ചുള്ള ഭീഷണിയാണ്. ലോൺ ആപ്പുകളിൽ നിന്ന് വ്യക്തിഹത്യയാണ് പിന്നീട് നാം നേരിടേണ്ടിവരിക. ഇത് പലപ്പോഴും ആത്മഹത്യയിൽ വരെ എത്തിച്ചേക്കാം. 

നിക്ഷേപ തട്ടിപ്പുകൾ

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പുതിയ നിക്ഷേപകരിൽ നിന്നുള്ള പണം ഉപയോഗിച്ച് നേരത്തെ നിക്ഷേപിച്ചവർക്ക് പണം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന പോൻസി സ്കീമുകൾ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്. പോൻസി സ്കീമുകൾ ഫണ്ടുകളുടെ വരവ് നിലയ്ക്കുമ്പോൾ ഒടുവിൽ തകരുന്നു. അതോടെ നിക്ഷേപിച്ച പണവും നഷ്ടപ്പെടുന്നു.

കിംവദന്തികളിലൂടെയും ഹൈപ്പിലൂടെയും ഒരു സ്റ്റോക്കിന്റെ വില കൃത്രിമമായി ഉയർത്തുകയും, തുടർന്ന് സ്വന്തം ഓഹരികൾ ലാഭത്തിൽ വിൽക്കുകയും മറ്റ് നിക്ഷേപകർക്ക് വിലയില്ലാത്ത ഓഹരികൾ നൽകുകയും ചെയ്യുന്ന പമ്പ് ആൻഡ് ഡംപ് അഴിമതികളും സാമ്പത്തിക ലോകത്ത് നടക്കുന്നുണ്ട്.

പണം നിക്ഷേപിക്കുന്നതിന് മുൻപേ നിക്ഷേപിക്കുന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടാക്കിയെടുത്തിരിക്കണം. സാധാരണ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കൂടുതലോ അല്ലെങ്കിൽ ഇരട്ടിയോ ലാഭം റിസ്ക് ഫ്രീയായി നൽകുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ  അത്തരം ഇൻവെസ്റ്റ്മെന്റുകൾ കഴിവതും ഒഴിവാക്കുക. ബാങ്കിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക. സുതാര്യമായ  സാമ്പത്തിക ഇടപാടുകൾ അല്ലെന്ന് തോന്നുന്ന പക്ഷമോ നടപടികളിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാലോ നൂറുവട്ടം ആലോചിച്ചതിനു ശേഷം മാത്രം നിക്ഷേപിക്കുക. 

തട്ടിപ്പിന് ഇരയാവാൻ പല രീതികൾ ഉണ്ടെങ്കിലും ഇരയായവർക്ക് ഒറ്റ രീതിയേ ഉള്ളൂ പോലീസിൽ അറിയിക്കുക. കേരളത്തിലാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. 24 മണിക്കൂറും സേവനം ലഭ്യമാണ്. കൂടാതെ ഇന്ത്യൻ ഗവർമെൻറ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി പരാതികൾ നൽകാം. 

സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ചില നുറുങ്ങുകൾ

  • നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആരുമായും ഫോൺ, ഇമെയിൽ, അല്ലെങ്കിൽ എസ്എംഎസ്  എന്നിവ വഴി പങ്കിടരുത്, അവർ നിങ്ങളുടെ ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും.
  • ചെറിയ അപകടസാധ്യതയുള്ള ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളിൽ ജാഗ്രത പാലിക്കുക.
  • അംഗീകൃത പ്ലാറ്റ്‌ഫോമുകളിലൂടെയും സെബിയിൽ രജിസ്റ്റർ ചെയ്ത ബ്രോക്കർമാർ വഴിയും മാത്രം നിക്ഷേപം നടത്തുക.
  • അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴും  അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ശ്രദ്ധിക്കുക.
  • വ്യക്തി ബന്ധത്തിന്റെ പേരിൽ ഇൻവെസ്റ്റ്മെന്റുകൾ വ്യക്തമായി അറിയാത്ത സാമ്പത്തിക ഉത്പന്നങ്ങളിൽ നിക്ഷേപിക്കാതിരിക്കുക.
  • സംശയാസ്പദമായ എന്തെങ്കിലും തട്ടിപ്പ് ഉണ്ടായാൽ ഉടൻ നിങ്ങളുടെ ബാങ്കിനെയോ അധികാരികളെയോ അറിയിക്കുക.

ജാഗ്രത പാലിച്ചാൽ തന്നെ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനുള്ള നിങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാനാകും. ഓർക്കുക, എന്തെങ്കിലും ശരിയല്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, അത് ഒരുപക്ഷേ അങ്ങനെയായിരിക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ): https://www.rbi.org.in/
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി): https://www.sebi.gov.in/
സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ: https://cybercrime.gov.in/