സ്വന്തം കാലിൽ നിൽക്കാം

WealthWise

നമുക്ക് ഓരോ മാസവും ജീവിക്കാനുള്ള പണം ഒരു പണിയും എടുക്കാതെ അല്ലെങ്കിൽ മുൻപ് നിക്ഷേപിച്ചിട്ടുള്ള പണത്തിൽ നിന്നോ പ്രവർത്തികൾ മൂലമോ ലഭിക്കുക എന്നുവച്ചാൽ നല്ലതല്ലേ? ഒരു പരമ്പരാഗത ജോലിയെ ആശ്രയിക്കാതെ തന്നെ നിങ്ങളുടെ ജീവിതച്ചെലവുകൾ നികത്താൻ മതിയായ നിഷ്ക്രിയ വരുമാനമോ സമ്പത്തോ ഉണ്ടെങ്കിൽ അതിനെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നു. ഫിനാൻഷ്യൽ ഫ്രീഡമുണ്ടെങ്കിൽ ഉപകാരങ്ങൾ ഒത്തിരിയാണ്. കുറച്ചുദിവസം ലീവ് എടുത്ത് കറങ്ങാൻ പോകണമെങ്കിൽ ആരോടും ചോദിക്കണ്ട, ഇപ്പോഴുള്ള ജോലിക്ക് ഒരു സന്തോഷവും തരാൻ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിച്ചു മറ്റൊരു ജോലി നോക്കാൻ മടിച്ചു നിൽക്കണ്ട, അതല്ല ഇനി കുറച്ചു നാളത്തേക്ക് ജോലിയേ ചെയ്യാതെ വീട്ടിൽ കുത്തിയിരിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യാം. ഇഷ്ടപ്പെട്ട എന്തെങ്കിലും വിഷയം പഠിക്കാനോ ഏതെങ്കിലും ഹോബികൾക്ക് പിന്നാലെ പോകാനോ കാത്തുനിൽക്കണ്ട. അങ്ങനെ നമുക്ക് ജീവിക്കാനുള്ളത് നമ്മുടെ കൈയിൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിക്കാം. 

സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന്  ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ ഒരു ഉദാഹരണം പറയാം. നിങ്ങൾക്ക് കുറച്ച് കടമുറികൾ ഉണ്ടെന്ന് വിചാരിക്കുക. അവ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. അതിൽനിന്ന് മാസാമാസം ജീവിക്കാനുള്ള വരുമാനവും കിട്ടുന്നുണ്ട്. കുറച്ചു പൈസ ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. അപ്പോൾ അതിൽ നിന്നും നിങ്ങൾക്ക് ഒരു തുക എല്ലാമാസവും ബാങ്ക് അക്കൗണ്ടിലേക്ക് വരും. അപ്പോൾ ജീവിക്കാൻ, ഇഷ്ടങ്ങളെ പിന്തുടരാൻ ഒരു വിരസമായ ജോലി ചെയ്യണോ? വേണ്ട; പകരം ജോലി ചെയ്യാൻ ജീവിക്കാതെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു ജീവിക്കാം.

എങ്ങനെ ഫിനാൻഷ്യൽ ഫ്രീഡം നേടാം

ആദ്യത്തെ പടി; പണം, പണം കൈകാര്യം ചെയ്യൽ, പണം നിക്ഷേപിക്കൽ തുടങ്ങിയവയെക്കുറിച്ചൊക്കെ പഠിക്കുക എന്നതാണ്. കുറച്ചെങ്കിലും അറിവും വിവരവും ഈ മേഖലയിൽ ഉണ്ടാക്കിയെടുക്കണം. കാശുണ്ടാക്കുന്നത് എങ്ങനെയാണെന്നും എങ്ങനെ അത് ശരിയായി നിക്ഷേപിക്കണമെന്നും മനസ്സിലാക്കണം. അതിന് ഒരുപാട് വഴികളുണ്ട്; യൂട്യൂബ് വീഡിയോകൾ മുതൽ പേഴ്സണൽ കൺസൾട്ടന്റ് വരെ ഈ ഏരിയയിൽ വിവരം കൂട്ടാൻ നിങ്ങളെ സഹായിക്കും.

അടുത്ത കാര്യം എല്ലാം ഒന്ന് പ്ലാൻ ചെയ്യുക എന്നതാണ്. പല ആവശ്യങ്ങൾ ഉണ്ടാകും, ലക്ഷ്യങ്ങൾ ഉണ്ടാകും. ചിലത് വളരെ പെട്ടെന്ന് നേടേണ്ടതാവും, ചിലത് കുറേ വർഷങ്ങൾ കഴിഞ്ഞിട്ട് നേടിയെടുക്കേണ്ടതായിരിക്കും, ഈ ഗോളുകളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുക. നിങ്ങളുടെ ലക്ഷ്യങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, അവയിലെത്താൻ ഒരു പ്ലാൻ തയ്യാറാക്കാൻ തുടങ്ങാം.

അതിനായി ആദ്യം ചെലവ് ട്രാക്ക് ചെയ്യണം. നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നതെന്ന് അറിയണം എവിടെയെല്ലാം ചെലവ് വെട്ടിക്കുറയ്ക്കാൻ കഴിയുമെന്ന്  തിരിച്ചറിയണം. നിങ്ങളുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സമ്പാത്തിക  ലക്ഷ്യങ്ങൾ എന്നിവ തരംതിരിച്ചു അതിനായി വരുമാനം മാറ്റിവെക്കണം. കടം സാമ്പത്തിക സ്വാതന്ത്ര്യത്തിന് വലിയ തടസ്സമാകും അതിനാൽ കടം എത്രയുണ്ട്?  ക്രെഡിറ്റ് കാർഡ് എങ്ങനെയാണ് ഉപയോഗിക്കുന്നത്, അനാവശ്യമായി പൈസ കളയുന്ന ശീലം ഉണ്ടോ? അനാവശ്യമായ സബ്സ്ക്രിപ്ഷനുകൾ ഉണ്ടോ? അതിരുകടന്ന ഡൈനിംഗ് ശീലങ്ങൾ ഉണ്ടോ? ബാധ്യതകൾ എന്തൊക്കെയാണ്, ഗോളുകളും ലക്ഷ്യങ്ങളും എന്തൊക്കെയാണ്, ഇതെല്ലാം ഒന്ന് മനസ്സിലാക്കി വയ്ക്കണം.

വരവിനുള്ളിൽ ചിലവ് നിർത്തുക എന്നതാണ് ഫിനാൻഷ്യൽ ഫ്രീഡം നേടിയെടുക്കാനുള്ള അടുത്ത ചുവടുവയ്പ്പ്. നിങ്ങളുടെ വരുമാനത്തിനുള്ളിൽ ജീവിക്കുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും സമ്പാദ്യത്തിന് മുൻഗണന നൽകുകയും വേണം.

ഇനി ചെറിയ തുക കൊണ്ട് നിക്ഷേപം ആരംഭിക്കുക. മ്യൂച്വൽ ഫണ്ടുകൾ, ഇൻഡെക്സ് ഫണ്ടുകൾ, അല്ലെങ്കിൽ വ്യക്തിഗത സ്റ്റോക്കുകൾ പോലുള്ള വിവിധ ഓപ്ഷനുകൾ മനസിലാക്കി നിക്ഷേപിക്കുക. പിന്നീട്  അപകടസാധ്യത നിയന്ത്രിക്കുന്നതിന് നിങ്ങളുടെ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുക. കാലക്രമേണ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് നിക്ഷേപം.  

പണത്തിനായി നിങ്ങളുടെ ശമ്പളത്തെ മാത്രം ആശ്രയിക്കരുത്. അധിക വരുമാന മാർഗങ്ങൾ കണ്ടെത്തുക. ഇത് എല്ലായിപ്പോഴും എളുപ്പമല്ല, എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണിത്. നിങ്ങളുടെ നിലവിലെ ജോലിയിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ നോക്കാം, അല്ലെങ്കിൽ ഒരു സൈഡ് ഹസിൽ ആരംഭിക്കുന്നത് പരിഗണിക്കാം. നിങ്ങൾക്ക് ഒരു ഹോബിയിൽ നിന്ന് ധനസമ്പാദനം നടത്താൻ കഴിയുമോ? ഓൺലൈനിൽ ഫ്രീലാൻസിംഗ് തുടങ്ങി എന്തെങ്കിലും വഴിയിലൂടെ അധിക വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ടാണ്. 

ഇതെല്ലാം എളുപ്പം എത്തിപ്പിടിക്കാൻ കഴിയും എന്ന് കരുതരുത്. ഈ ഫിനാൻഷ്യൽ ഫ്രീഡം ചിലപ്പോൾ രണ്ടുമാസത്തിനുള്ളിൽ എത്തിപിടിക്കാനാകും, ചിലപ്പോൾ ഒന്നോ അതിലധികമോ വർഷം വേണ്ടി വരാം. എങ്കിലും അതിൽ എത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കണം. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് സമയവും പരിശ്രമവും ആവശ്യമാണ്. ഒറ്റരാത്രികൊണ്ട് ഫലം കണ്ടില്ലെങ്കിൽ നിരാശപ്പെടരുത്. നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരുക, ഒടുവിൽ നിങ്ങൾ അവിടെയെത്തും.

എല്ലാ മനുഷ്യർക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സാധിക്കും. അതിനായി നമ്മുടെ ജീവിതത്തിൽ സാമ്പത്തിക അച്ചടക്കവും സാമ്പത്തിക ആസൂത്രണവും ഉണ്ടായിരിക്കണം എന്നുമാത്രം. സാമ്പത്തിക അച്ചടക്കത്തോടെ നിക്ഷേപിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് അടുത്തു തുടങ്ങി. നിലവിലെ കടങ്ങൾ വീട്ടുന്നതിനുള്ള പൈസയും, ദിവസേനയുള്ള ജീവിത ചിലവുകൾക്കുള്ള പണവും, പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, അപകടങ്ങൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവയെ നേരിടുന്നതിനുള്ള കാശും, സ്വപ്നങ്ങളും ആഗ്രഹങ്ങളും നടപ്പിലാക്കാനുള്ള പൈസയും, നമ്മുടെ കൈവശം ഉണ്ടാകുമ്പോഴാണ് നമ്മൾ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് എല്ലാവർക്കും ഒരുപോലല്ല. ഒരു വ്യക്തിക്ക് യോജിച്ചത് മറ്റൊരാൾക്ക് പ്രവർത്തിക്കണമെന്നില്ല. എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവർക്കും സാധ്യമാണ്. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്. നിങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ ഉണ്ടാക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. നിങ്ങളുടെ സാഹചര്യങ്ങളും ലക്ഷ്യങ്ങളും മാറുന്നതിനനുസരിച്ച് നിങ്ങളുടെ പ്ലാൻ പുനഃക്രമീകരിക്കുകയും വേണം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട്, നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും സാമ്പത്തിക സ്വാതന്ത്ര്യത്തിൽ ജീവിതം നയിക്കാനും കഴിയും.