ബിനാൻസ്, കുക്കോയിൻ തുടങ്ങിയ വിദേശ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ നിരോധനം
മുൻനിര ആഗോള ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ വെർച്വൽ ഡിജിറ്റൽ അസറ്റ് സേവന ദാതാക്കളായ ബിനാൻസ്, കുക്കോയിൻ, ഒകെഎക്‌സ് തുടങ്ങിയവരുടെയും വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസുകൾക്ക് ഇന്ത്യയിൽ നിരോധനം. കൂടാതെ ഇന്ത്യയിലെ ഒമ്പത് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ യു ആർ എൽ ബ്ലോക്ക് ചെയ്യാനും സാധ്യതയുണ്ട്. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങൾ പാലിക്കാത്തതിന് പേരിലാണ് ഈ നടപടി.
ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചതിന് ബിനാൻസ്, കുക്കോയിൻ, ബിറ്റ്‌റെക്സ്, ബിറ്റ്‌സ്റ്റാമ്പ്, എംഇഎക്‌സ്‌സി ഗ്ലോബൽ, ഹൂബി, ക്രാക്കൻ, ഗേറ്റ്.ഐഒ, ബിറ്റ്‌ഫൈനെക്‌സ് എന്നീ കമ്പനികൾക്ക് കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഈ പ്ലാറ്റ്‌ഫോമുകളുടെ യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററിലേക്കുള്ള ആക്‌സസ് ബ്ലോക്ക് ചെയ്യണമെന്ന് എഫ് ഐ യൂ ഐടി മന്ത്രാലയത്തോട് ശുപാർശ ചെയ്തത്.
ഇന്ത്യൻ നിക്ഷേപകരോട് അവരുടെ ഫണ്ടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റുമായി എസ്ബിഐ
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിനായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് (എസ്‌ജിആർടിഡി) സ്കീം എസ്ബിഐ ആരംഭിച്ചു.
പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും ഈ സ്കീം തുറന്നിരിക്കുന്നുവെന്നും നിക്ഷേപകർക്ക് 1,111 ദിവസം, 1,777 ദിവസം, 2,222 ദിവസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുന്നുവെന്നും എസ്ബിഐ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിനായി ഫണ്ട് സമാഹരിക്കുക, അതുവഴി ഇന്ത്യയിലെ ഒരു ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം അവതരിപ്പിച്ചതെന്നും നിലവിൽ ശാഖാ ശൃംഖല വഴിയാണ് പദ്ധതി ലഭ്യമെന്നും യോനോ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ വഴിയും ഉടൻ ലഭ്യമാക്കുമെന്നും ചെയർമാൻ ദിനേശ് ഖര പ്രസ്താവനയിൽ പറഞ്ഞു.