പുതുവർഷത്തിൽ തുടങ്ങാം സിംപിളായ സാമ്പത്തിക തീരുമാനങ്ങൾ

WealthWise

പുതുവർഷത്തിന്റെ തുടത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് വലിയ ഉത്സാഹമാണ്. കഴിഞ്ഞുപോയ വർഷങ്ങളിലും ഇത്തരം പല തീരുമാനങ്ങളും നമ്മൾ എടുത്തിരിക്കും. പല തീരുമാനങ്ങളും എത്തിപിടിച്ചിരിക്കും പലതും കൈവിട്ടു പോയിരിക്കും. നോ വറിസ്… വീണ്ടും ഒരു പുതുവത്സരം വന്നിരിക്കുന്നു. ഈ വർഷത്തെ ആദ്യതീരുമാനം എടുക്കുന്ന റെസല്യൂഷൻസ് പാലിക്കും എന്നതായിരിക്കട്ടെ. നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യുന്നതിനും നിങ്ങളുടെ ദീർഘകാല സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതിനും ഈ വർഷം പരിശ്രമിക്കാം. ഫിനാൻഷ്യൽ ഫ്രീഡം നേടുക എന്നതാണ് ഈ വർഷത്തിൽ എടുക്കേണ്ട ന്യൂയെർ റെസല്യൂഷനുകളിൽ ഏറ്റവും പ്രധാനം.

പുതുവർഷത്തിൽ എടുക്കാം ചില പുത്തൻ തീരുമാനങ്ങൾ

  1. വരവ് ചിലവ് കണക്കുകൾ എഴുതിവയ്ക്കുക. നിങ്ങളുടെ വരുമാനവും ചെലവും ട്രാക്ക് ചെയ്യുക.
  2. നിങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്ത സാധങ്ങൾ വാങ്ങിക്കൂട്ടുന്ന പരിപാടി വേണ്ടെന്നു വയ്ക്കുക.
  3. വലിയ ചെലവുകൾക്കായി നേരത്തെ ആസൂത്രണം ചെയ്തുതുടങ്ങുക  
  4. നിങ്ങളുടെ ധനകാര്യം പരിശോധിക്കാൻ എല്ലാ മാസവും കുറച്ചു സമയം മാറ്റിവയ്ക്കുക
  5. ‘ഇപ്പോൾ വാങ്ങുക പിന്നീട് പണം നൽകുക’ എന്ന പരിപാടി ഒഴിവാക്കുക
  6. ഈ വർഷത്തെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക; അവ എങ്ങനെ നേടാമെന്നും തീരുമാനിക്കുക. 
  7. ഒരു എസ്ഐപി എത്രയും വേഗം തുടങ്ങുക. അതിൽ കൃതയമായി നിക്ഷേപിക്കുക
  8. ആരോഗ്യ ഇൻഷുറൻസ് നേടുക. 
  9. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക. അതിലൂടെ അധിക വരുമാനം നേടാൻ പരിശ്രമിക്കുക.
  10. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിൽ അച്ചടക്കം കൊണ്ടുവരിക. കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുക, ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക, അനാവശ്യ ക്രെഡിറ്റ് ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
  11. ചെറിയ കടങ്ങൾ വീട്ടിത്തീർക്കുക. ഈ വർഷം ഒരു ഇഎംഐ തുക കൂടുതലായി ലോണിലേക്ക് അടച്ചിരിക്കും എന്ന് തീരുമാനിക്കുക 
  12. 50-20-30 നിയമങ്ങൾ പരിശീലിക്കുക. ദൈനംദിന ചെലവിന് 50%; ആഡംബരത്തിനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും 30% മാത്രം ചിലവഴിക്കുക; സമ്പാദ്യത്തിനും നിക്ഷേപത്തിനും 20% ആദ്യമേ മാറ്റിവയ്ക്കുക 

ഇത്രയും കാലം വരവ് ചിലവ് കണക്കുകൾ കുറിച്ചോ ബജറ്റിനെ കുറിച്ചോ നിങ്ങൾ ചിന്തിച്ചിട്ടേ ഇല്ലെങ്കിൽ ഈ വർഷം മുതൽ ചിന്തിച്ചു തുടങ്ങാം. ഈ വർഷം ഒന്ന് സാമ്പത്തിക കാര്യങ്ങളിൽ പ്ലാൻ ചെയ്തു നോക്കൂ. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പുരോഗതി നേരിൽ കണ്ടു മനസിലാക്കാൻ സാധിക്കും. 

ഒരു നല്ല ബജറ്റ് ഉണ്ടാക്കി അതനുസരിച്ച് ജീവിച്ചു തുടങ്ങാൻ പറ്റിയ സമയമാണ് ഈ പുതുവർഷം; 2024 ജനുവരി 1 മുതൽ തന്നെ നമുക്ക് ഫിനാൻഷ്യലി ഡിസിപ്ലിൻ ആകാൻ പരിശ്രമിക്കാം. നമ്മൾ ചെയ്യുന്ന ഓരോ ചിലവും എഴുതിവയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇന്ന് പലതരം മണി ട്രാക്കിംഗ് ആപ്പുകൾ ലഭ്യമാണ് അത് ഉപയോഗിച്ചും നമുക്ക് വരവ് ചിലവ് കണക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഇനി ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് തരംതിരിച്ചു ചിലവ് ചെയ്യാൻ തുടങ്ങുകയാണ് അടുത്തപടി. നിങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്ത സാധങ്ങൾ വാങ്ങിക്കൂട്ടുന്ന പരിപാടി വേണ്ടെന്നു വയ്ക്കുക. ഒരു ബജറ്റ് തീരുമാനിച്ച് അതിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കുക കൂടി ചെയ്താൽ ആദ്യത്തെ ഫിനാൻഷ്യൽ റെസലൂഷൻ വിജയിച്ചു.

ഇനി പണം സ്വരൂപിക്കൽ; ഒരാളുടെ ജീവിതത്തിൽ വളരെ ആവശ്യമായ ഒരു കാര്യമാണ്. അല്ലെങ്കിൽ പെട്ടന്ന് വലിയ ചിലവുകൾ വരുമ്പോൾ നാം പകച്ചുപോകും. അതൊഴിവാക്കാൻ ഒരു എമർജൻസി ഫണ്ട് ആവശ്യമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കാൻ തുടങ്ങാം. നിങ്ങളുടെ ഒരു മാസത്തെ ചിലവ് ഗുണനം ആറാണ് നിങ്ങൾ സ്വരൂപിക്കേണ്ട എമർജൻസി ഫണ്ട്. ഉദാഹരണത്തിന് 50,000 രൂപയാണ് നിങ്ങളുടെ ഒരു മാസത്തെ ചിലവ് എങ്കിൽ മൂന്ന് ലക്ഷം രൂപയാണ് എമർജൻസി ഫണ്ടായി നിങ്ങൾ ഈ വർഷം സ്വരൂപികേണ്ടത്. ഫിനാൻഷ്യൽ ഫ്രീഡം നേടാനുള്ള ആദ്യപടിയാണ് ഈ എമർജൻസി ഫണ്ട്. ബാങ്ക് ആർഡിയോ എസ്ഐപിയിലോ ചേർന്ന് ഈ പൈസ എളുപ്പത്തിൽ സ്വരൂപിക്കാം.

അടുത്തത് കടം വീട്ടിലാണ്. കടങ്ങളെ വലുതിൽ നിന്ന് ചെറുത് എന്ന ക്രമത്തിലോ ചെറുത്തിൽ നിന്ന് വലുതെന്ന് ക്രമത്തിലോ ക്രമീകരിക്കുക. അതിൽ ചെറിയ കടം ആദ്യം അടച്ചു തീർക്കണം. അത് ഈ വർഷം തന്നെ അടച്ചുതീർക്കുമെന്ന് മനസ്സിൽ ഉറപ്പിക്കുക.  ഇനി ഒരൊറ്റ കടം മാത്രമുള്ളവർ, പ്രത്യേകിച്ച് ഹോം ലോൺ മാത്രമുള്ളവരാണ് നിങ്ങൾ എങ്കിൽ അത്തരം കടങ്ങളിലെ ഇഎംഐ അടയ്ക്കുമ്പോൾ  പറ്റാവുന്ന ഒരു ചെറിയ തുക കൂടുതൽ ഓരോ മാസവും അധികം അടക്കുക, അല്ലെങ്കിൽ ഒരുമിച്ച് കുറച്ച് അധികം പൈസ അടയ്ക്കാൻ ശ്രമിക്കുക, ഈ വർഷം ഒരു ഇഎംഐ തുക കൂടുതലായി ലോണിലേക്ക് അടച്ചിരിക്കും എന്ന് തീരുമാനിക്കുക .

അടുത്തതായി എടുക്കേണ്ട സാമ്പത്തിക തീരുമാനം  ഹെൽത്ത് ഇൻഷുറൻസ് ആണ്. ഒരു ഹെൽത്ത് ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ്, ഒരു ടേം ഇൻഷുറൻസ് എന്നിവ എടുത്തുവയ്ക്കാൻ ശ്രമിക്കുക. നമ്മുടെ ആവശ്യങ്ങളും ഗോളുകളും വ്യക്തമായും കൃത്യതയോടെയും എത്ര നന്നായി വിശദീകരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുവോ അത്രയും എളുപ്പത്തിൽ അവ എത്തിപ്പിടിക്കുവാൻ നിങ്ങൾക്ക് കഴിയും. ഫിനാൻഷ്യൽ ഗോളുകൾ തീരുമാനിക്കുക; ഫിനാൻഷ്യൽ ഗോളുകളെ രണ്ടായി തരംതിരിച്ചു വേണം പുതുവർഷത്തിൽ തീരുമാനിക്കാൻ. ഒന്ന് ഈ വർഷമോ അടുത്ത വർഷങ്ങളിലോ നേടിയെടുക്കാനുള്ള ഗോളുകളും രണ്ടാമത്തേത് കുറച്ചു വർഷങ്ങൾക്ക് ശേഷം നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ. ഇതിനെ മുന്നിൽ കണ്ടുകൊണ്ട് അതിനാവശ്യമായ ഇൻവെസ്റ്റ്മെന്റ്  ഈ വർഷം തന്നെ തുടങ്ങി വയ്ക്കുക.

ഒരു എസ്ഐപി തുടങ്ങുക എന്നതും സാമ്പത്തിക ഭദ്രത നേടാൻ എളുപ്പം സഹായിക്കുന്ന ഒരു കാര്യമാണ്. ഇനി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഏറ്റവും ആവശ്യമുള്ളത് ഫിനാൻഷ്യൽ ലിറ്ററസിയാണ്. ഫിനാൻഷ്യൽ സ്‌കാമുകളിൽ നിന്ന് രക്ഷപ്പെടാനും സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെടാതിരിക്കാനും ഫിനാൻഷ്യൽ ലിറ്ററേറ്റ് ആയിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. അതിനായി ആഴ്ചയിലോ മാസത്തിലോ കുറച്ച് സമയം സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഫിനാൻഷ്യൽ പ്ലാനിങ്ങിനും ഇത്തരം കാര്യങ്ങൾ കുറിച്ച് കൂടുതൽ അറിയാനും സമയം കണ്ടെത്തണം. 

ഈ വർഷം റിട്ടയർമെൻറ്നെ കുറിച്ചും ചിന്തിച്ചു തുടങ്ങാം. നിങ്ങളുടെ പ്രായം 30കളിലോ 40കളിലോ ആണെങ്കിൽ കളയാൻ ഇനി ഒട്ടും സമയമില്ല. നേരത്തെ റിട്ടയർമെൻറ് പ്ലാൻ ചെയ്യാൻ തുടങ്ങിയാൽ വളരെ നിങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള പണം സമ്പാദിക്കാനും സമാധാനത്തോടെ വിശ്രമജീവിതം ആസ്വദിക്കാനും സാധിക്കും. ഒരു പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)ൽ  പൈസ ഈ വർഷത്തിന്റെ ആരംഭം മുതലേ ഇട്ടു തുടങ്ങാം. അല്ലെങ്കിൽ നല്ലൊരു എസ്ഐപി റിട്ടയർമെന്റിനായി സ്റ്റാർട്ട് ചെയ്യാം. ഈ ലക്‌ഷ്യം മുന്നിൽ കണ്ട് മ്യൂച്ചൽ ഫണ്ടിൽ പണം നിക്ഷേപിക്കാം. റിട്ടയർമെൻറ് പ്ലാൻ ചെയ്ത് സമാധാനത്തോടെ റിട്ടയർമെൻറ് ലൈഫ് ആസ്വദിക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലും ഈ വർഷം  ഒരു കൺട്രോൾ കൊണ്ടുവരണം. ഒരിക്കലും മൊത്തം ക്രെഡിറ്റ് എമൗണ്ട് ഉപയോഗിക്കില്ലെന്ന് ആദ്യമേ തീരുമാനിക്കണം. അമ്പതിനായിരം രൂപയാണ് ക്രെഡിറ്റ് അമൗണ്ട് എങ്കിൽ അമ്പതിനായിരം രൂപയും ചിലവാക്കരുത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ  ഒരുഅച്ചടക്കം കൊണ്ടുവരിക എന്നതും വളരെ അത്യാവശ്യമാണ്. മിനിമം പൈസ അടക്കുന്ന രീതിയും അവസാനിപ്പിക്കണം. കറക്റ്റ് ദിവസം തന്നെ  ക്രെഡിറ്റ് കാർഡ് ബില്ല് പേ ചെയ്യണം. ഇത് വലിയ എമൗണ്ട് നഷ്ടമാകുന്നതിനും സിബിൽ സ്കോർ ഉയർത്തുന്നതിനും സഹായിക്കും.

ഇനി മുകളിൽ പറഞ്ഞതെല്ലാം ഒന്നുകൂടി കാച്ചികുറുക്കി പറഞ്ഞാൽ എമർജൻസി ഫണ്ട് ഉണ്ടാക്കുക , റിട്ടയർമെന്റ് സേവിംഗ്സ് തുടങ്ങുക, സാമ്പത്തിക ലക്ഷ്യങ്ങൾ ഉറപ്പിക്കുക, ഉയർന്ന പലിശയുള്ള കടം അടയ്ക്കുക, ഏറ്റവും ചെറിയ കടം തീർക്കുക, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക, ഒരു ബജറ്റ് ഉണ്ടാക്കുക, സേവിംഗ്സ് ഓട്ടോമേറ്റ് ചെയ്യുക, നിക്ഷേപങ്ങളെക്കുറിച്ച് അറിയുക, ഇൻഷുറൻസ് അവലോകനം ചെയ്യുക എന്നീ കാര്യങ്ങൾ ഈ വർഷം മുഴുവനും മനസ്സിൽ ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിൽ നിന്നോ മറ്റ് യോഗ്യതയുള്ള പ്രൊഫഷണലിൽ നിന്നോ സഹായം തേടാൻ ഭയപ്പെടരുത്.

ഈ പുതുവത്സരത്തിൽ സാമ്പത്തിക ഉന്നമനത്തിന് ഇത് നിങ്ങൾക്ക് ഒരു നല്ല തുടക്കമാകട്ടെ!