ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ സാമ്പത്തിക വിരലടയാളം

WealthWise

ചില ആളുകൾ, മികച്ച വായ്പകളും ക്രെഡിറ്റ് കാർഡുകളും എളുപ്പത്തിൽ നേടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം പലപ്പോഴും ഒരു മൂന്നക്ക സംഖ്യയിലാണ്: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ. ഇന്നത്തെ കാലത്ത്, നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുക എന്നത് ഒരു ആഡംബരമല്ല; അത് ഒരു അനിവാര്യതയാണ്. ഇന്ന്, ക്രെഡിറ്റ് സ്കോർ ലോൺ എടുക്കലിനും നല്ല പലിശ നിരക്കുകൾക്കും തുടങ്ങി ഇൻഷുറൻസ് പ്രീമിയങ്ങളും തൊഴിലവസരങ്ങളും നേടുന്നതിന് വരെ സ്വാധീനിക്കാൻ കഴിയുന്ന ഒരു സാമ്പത്തിക റിപ്പോർട്ടാണ്.

നിങ്ങളുടെ മുൻകാല വയ്പ്പ് എടുക്കലിനേയും തിരിച്ചടക്കലിനേയും അടിസ്ഥാനമാക്കി സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനികൾ സൃഷ്ടിക്കുന്ന, സാധാരണയായി 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ഈ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്നു, കടമെടുത്ത പണം ഉത്തരവാദിത്തത്തോടെ തിരിച്ചടയ്ക്കാൻ നിങ്ങൾ എത്രത്തോളം സാധ്യതയുണ്ടെന്ന് കടം കൊടുക്കുന്നവരോട് പറയുന്നു. 

ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് ഒരു പേഴ്സണൽ ലോൺ വേണം. അതിനായി ഒരു ബാങ്കിനെ സമീപിക്കുന്നു എന്ന് കരുതുക. ആ ബാങ്ക് നിങ്ങളെ വിശ്വസിച്ച് പണം തരണമെങ്കിൽ നിങ്ങൾ പണം തിരിച്ചടയ്ക്കുമെന്ന് അവർക്ക് ഒരു ഉറപ്പുവേണം. അതിനായി അവർ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കും. ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനികൾ എന്നറിയപ്പെടുന്ന കമ്പനികളുടെ കയ്യിലാണ് ഇതുള്ളത്. ബാങ്കുകൾ ഇത്തരം കമ്പനികളെ സമീപിക്കുന്നു. അവരിൽനിന്ന് ക്രെഡിറ്റ് ഹിസ്റ്ററി എടുക്കുന്നു. ഒരു ക്രെഡിറ്റ് ഹിസ്റ്ററിയിൽ ഒരാൾ എത്ര ലോൺ എടുത്തിട്ടുണ്ട്? ഏത് തരം ലോൺ ഏതെല്ലാം ബാങ്കുകളിൽ നിന്നാണ് എടുത്തത്? അതിൽ ഏതെല്ലാം  തിരിച്ചടച്ചിട്ടുണ്ട്? തിരിച്ചടയ്ക്കാൻ കാലതാമസം നേരിട്ടിട്ടുണ്ടോ? ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലെ സാമ്പത്തിക അച്ചടക്കം തുടങ്ങിയ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. അതിനെയെല്ലാം അടിസ്ഥാനമാക്കി ഒരു പോയിന്റ് അല്ലെങ്കിൽ സ്കോർ ഈ കമ്പനികൾ നല്കിയിട്ടുമുണ്ടാകും. 300നും 900നും ഇടയിലാണ് ഒരു മൂന്നക്ക സംഖ്യയാണ് ഈ സ്കോർ. ഈ സ്കോർ അടിസ്ഥാനത്തിൽ നല്ല ക്രെഡിറ്റ് ഉള്ള ആളാണോ അല്ലയോ എന്ന് ബാങ്കുകൾ തീരുമാനിക്കും. ഈ ക്രെഡിറ്റ് സ്കോർ 750 – 850 ഇടയിലാണെങ്കിൽ ഉയർന്ന സ്കോറാണ്. നമ്മൾ ലോൺ എടുത്താലും കൃത്യമായി തിരിച്ചടയ്ക്കും; അല്ലെങ്കിൽ ഇഎംഐ മുടക്കം വരുത്തില്ല എന്നെല്ലാം മനസ്സിലാക്കിയ ബാങ്കുകൾ ചെറിയ പലിശയിൽ ലോൺ നൽകാൻ തയ്യാറാകും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ലോണുകളുടെ പലിശ നിരക്കും കൂടുതലായിരിക്കും. ചില സമയത്ത് ലോൺ നിരസിക്കാനും സാധ്യതയുണ്ട്.

300-499 ലാണ് ക്രെഡിറ്റ് സ്കോർ എങ്കിൽ വായ്പ്പ അടവുകളിൽ മുടക്ക വരുത്തുന്ന അല്ലെങ്കിൽ ഉയർന്ന ക്രെഡിറ്റ് ഉപയോഗിക്കുന്ന ആളാണ് നിങ്ങൾ എന്ന്  സൂചിപ്പിക്കുന്നു. അത്തരമൊരു സ്കോർ ഉപയോഗിച്ച് വായ്പകളോ ക്രെഡിറ്റ് കാർഡുകളോ നേടുക ബുദ്ധിമുട്ടാണ്. 500-649 ക്രെഡിറ്റ് സ്കോർ നല്ലതാണെങ്കിലും പലപ്പോഴും ഉയർന്ന പലിശ നിരക്കിൽ ലോൺ കിട്ടാനാണ് സാധ്യത. 650-749 ഈ സ്കോർ ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്മെൻ്റിനെ സൂചിപ്പിക്കുന്നു കൂടാതെ കുറഞ്ഞ നിരക്കിൽ ലോൺ എടുക്കുന്നതിനും ക്രെഡിറ്റ് കാർഡുകളിൽ നല്ല ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. 750-900 ഏറ്റവും മികച്ച സ്കോറാണ്; മികച്ച ലോൺ നിബന്ധനകളും ഇൻഷുറൻസ് പ്രീമിയങ്ങളും ലഭിക്കാൻ ഇത് ധാരാളം.

ഗുണങ്ങൾ 

ഉയർന്ന സ്കോർ ലോൺ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും മികച്ച പലിശ നിരക്കുകൾ ഉറപ്പാക്കുകയും ചെയ്യുന്നു. മോർട്ട്ഗേജുകളും കാർ ലോണുകളും മുതൽ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും വരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുമെന്ന് മാത്രമല്ല, ദൈർഘ്യമേറിയ തിരിച്ചടവ് കാലയളവുകളും കിട്ടും. കൂടാതെ ഉയർന്ന ലോൺ തുകയും എളുപ്പത്തിൽ പാസ്സയികിട്ടും. നിങ്ങൾ ഒരു പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുകയാണെങ്കിലും, സാമ്പത്തിക ഉത്പന്നങ്ങൾ വാങ്ങുമ്പോഴും അത്തരം കാര്യങ്ങൾ നേടാനുള്ള സാധ്യതകളെ ഒരു നല്ല ക്രെഡിറ്റ് സ്‌കോർ ഗണ്യമായി വർദ്ധിപ്പിക്കും. ആകർഷകമായ റിവാർഡുകളും ആനുകൂല്യങ്ങളും ഉള്ള ക്രെഡിറ്റ് കാർഡുകൾ എളുപ്പത്തിൽ ലഭിക്കാൻ ഈ സ്‌കോർ സഹായിക്കുന്നു. ചില ഇൻഷുറൻസ് കമ്പനികൾ നല്ല ക്രെഡിറ്റ് സ്‌കോറുകളുള്ള പോളിസി ഹോൾഡർമാർക്ക് അവരുടെ ഉത്തരവാദിത്തമുള്ള സാമ്പത്തിക സ്വഭാവം തിരിച്ചറിഞ്ഞ് കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യാറുണ്ട് .

ദോഷങ്ങൾ 

ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ ഉയർന്ന പലിശനിരക്ക് നേരിടേണ്ടിവരും, കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകും. ചില സമയങ്ങളിൽ നിങ്ങൾക്ക് വായ്പ്പകൾ മൊത്തത്തിൽ നിരസിക്കപ്പെടാം. യൂട്ടിലിറ്റി കമ്പനികൾ കടം വാങ്ങുന്നയാളെന്ന നിലയിൽ നിങ്ങളുടെ റിസ്ക് കാരണം ഉയർന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ ചോദിച്ചേക്കാം. ചില സന്ദർഭങ്ങളിൽ, ജോലി നിയമന പ്രക്രിയയിൽ തൊഴിലുടമകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചേക്കാം.

ക്രെഡിറ്റ് സ്കോർ കുറയാൻ കാരണം

  • എടുത്ത വായ്പകൾ കൃത്യമായി തിരിച്ചടിച്ചില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ കുറയും 
  • പല ബാങ്കുകളിൽ നിന്ന് ഒന്നിലധികം വായ്പകൾ എടുത്തിട്ടുണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
  • ക്രെഡിറ്റ് കാർഡ് പരിധി പരമാവധി ഉപയോഗിച്ചാൽ ക്രെഡിറ്റ് സ്കോർ കുറയും 
  • ഒരേസമയം പല ബാങ്കിൽ ലോണിന് അപേക്ഷിച്ചാൽ അതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
  • ലോണുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും അടവുകൾ പലതവണ മുടങ്ങുകയും ഒറ്റത്തവണ സെറ്റിൽമെൻറ് തുടങ്ങിയ രീതികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്കോർ ഇടിയും. 
  • ചെറിയ കാലയളവിൽ പലതരം ലോണുകൾ എടുത്തിട്ടുണ്ടെങ്കിൽ അതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം
  • ക്രെഡിറ്റ് കാർഡ് അപ്ലിക്കേഷൻ തുടർച്ചയായി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ക്രെഡിറ്റ് സ്കോർ കുറയും 

മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ

ഒരു നല്ല സിബിൽ സ്‌കോർ നിർമ്മിക്കുന്നതിന് സമയവും സ്ഥിരമായ പരിശ്രമവും ആവശ്യമാണ്. 

  • നിങ്ങളുടെ ബില്ലുകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും നിശ്ചിത തീയതിക്കോ അതിന് മുമ്പോ അടയ്ക്കുക. 
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കരുത്. നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 30%-ൽ താഴെ ചെലവിനായി ഉപയോഗിക്കുന്നതാണ് നല്ലത്. 
  • സുരക്ഷിതമായ ലോണുകളും (ഹോം ലോണുകൾ പോലെ) സുരക്ഷിതമല്ലാത്ത ലോണുകളും (ക്രെഡിറ്റ് കാർഡുകൾ പോലെ) ഉണ്ടാകുന്നതും  സുരക്ഷിതമായ ലോണുകളും കൂടിയിരിക്കുന്നതും   ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെൻ്റിനെ പ്രകടമാക്കുന്നു.
  • ആവശ്യമുള്ളപ്പോൾ മാത്രം പുതിയ ലോണിനോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുക. അനാവശ്യമായ അന്വേഷണങ്ങൾ ഒഴിവാക്കുക.

ലോൺ ഇതുവരെ എടുത്തിട്ടില്ലാത്ത ആളാണെങ്കിൽപോലും ക്രെഡിറ്റ് സ്കോർ നിർണായകമാണ്. ലോൺ എടുക്കാത്ത ആളുകൾക്ക് ക്രെഡിറ്റ് കാർഡ് ഉണ്ടാക്കാനുള്ള ഒരു വഴിയാണ് ക്രെഡിറ്റ് കാർഡുകൾ. അഞ്ചുവർഷമായി നല്ല രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, തിരിച്ചടയ്ക്കുന്നതിൽ പ്രശ്നങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിൽ, നല്ലൊരു പർച്ചേസ് നടത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ ക്രെഡിറ്റ് സ്കോറും ഉയർന്നതായിരിക്കും. മുകളിലേക്ക് ഉയർത്തുന്നത് പോലെ തന്നെ വലിച്ചു താഴെയിടാനും ക്രെഡിറ്റ് കാർഡുകൾക്ക് കഴിയും.

കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് സ്കോർ, റിപ്പോർട്ട് എന്നിവ പരിശോധിച്ച് വിലയിരുത്തണം. വർഷത്തിലൊരിക്കൽ ചെയ്യണമെന്നാണ് ആർബിഐ നിർദ്ദേശിക്കുന്നത്. സിബിൽ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി തന്നെ ക്രെഡിറ്റ് സ്കോർ അറിയാം. ഇനി ചെറിയൊരു തുക അടച്ചാൽ ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് റിപ്പോർട്ടുകൾ ലഭിക്കും. സ്കോറിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സിബിൽ വെബ്സൈറ്റിൽ നേരിട്ട് അറിയിക്കാം അല്ലെങ്കിൽ ബാങ്കിനെ അറിയിക്കാം. പരാതി ന്യായമെങ്കിൽ സ്കോർ തിരുത്തി നൽകപ്പെടും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം.

ഓർക്കുക, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സാമ്പത്തിക അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കാൻ കഴിയുന്ന ഒരു ശക്തമായ ഉപകരണമാണ്. നല്ല സ്കോർ ഉണ്ടാകുന്നതിലൂടെ, കൂടുതൽ സാമ്പത്തിക അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിനാൽ ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു നല്ല സ്കോർ കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക അങ്ങനെ ശോഭനമായ സാമ്പത്തിക ഭാവിക്ക് വഴിയൊരുക്കാം.