സാമ്പത്തിക സുരക്ഷ എന്നത്തേക്കാളും പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത്, നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിനുള്ള മികച്ച വഴികൾ കണ്ടെത്തുന്നത് നിർണായകമാണ്. അവിടെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാനുകൾ (എസ്ഐപികൾ) സഹായിക്കുന്നത്. നിങ്ങൾക്ക് പൂർത്തിയാക്കാൻ സ്വപ്നങ്ങൾ ഉണ്ടായിരിക്കാം. അതിനായി നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാൻ ആരംഭിച്ചില്ലെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ നേടാൻ കഴിയില്ല. ദീര്ഘ കാലത്തേക്ക് നിക്ഷേപം നടത്താന് നിങ്ങള് തയ്യാറണെങ്കില് നിങ്ങള്ക്ക് ഇപ്പോള് തന്നെ ചെറിയ തുക കൊണ്ട് നിക്ഷേപം തുടങ്ങാം. റിട്ടയർമെൻ്റ് കോർപ്പസ് കെട്ടിപ്പടുക്കുന്നത് മുതൽ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള സമ്പാദ്യം വരെയുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ ശക്തവുമായ ഒരു രീതിയാണ് എസ്ഐപി. തുടക്കക്കാർക്കോ ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു മികച്ച മാർഗ്ഗം കൂടിയാണിത്.
എസ്ഐപി
കൃത്യമായ ഇടവേളകളിൽ, സാധാരണയായി പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗമാണ് എസ്ഐപി. വെറും 500 രൂപയ്ക്ക് എസ് ഐ പി തുടങ്ങാം. സാധാരണ ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നതിനെയാണ് എസ്ഐപി എന്നുപറയുന്നതെങ്കിലും ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കാനായി പോസ്റ്റോഫീസിലോ ബാങ്കിലോ റിക്കറിംഗ് ഡിപ്പോസിറ്റിൽ(ആർഡി) എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതും ഒരു തരത്തിൽ എസ്ഐപി തന്നെയാണ്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് പൊതുവേ എസ്ഐപി ഉപയോഗിക്കുന്നതെങ്കിലും ഇടിഎഫ്, ഇൻഡക്സ് ഫണ്ട്, വിവിധതരം സ്റ്റോക്കുകൾ, ഗോൾഡ്, ഗവർൺമെന്റ് സ്കീമുകളായ എൻപിഎസ്, പിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയിലും എസ്ഐപിയായി നിക്ഷേപിക്കാം.
വ്യത്യസ്തമായ നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഇന്ന് ലഭ്യമാണ്, ഓരോന്നിനും അതിൻ്റേതായ നിക്ഷേപ ലക്ഷ്യവും റിസ്ക് ലെവലും ഉണ്ട്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളോടും റിസ്ക് ടോളറൻസിനോടും യോജിക്കുന്ന ഒരു സ്കീം തിരഞ്ഞെടുക്കുക. ഓരോ മാസവും അല്ലെങ്കിൽ ഓരോ പാദവും എത്ര നിക്ഷേപിക്കണമെന്നും എത്ര കാലത്തേക്ക് നിക്ഷേപിക്കണമെന്നും തീരുമാനിക്കുക. അതിനുശേഷം തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ടിലേക്ക് നിങ്ങളുടെ എസ്ഐപി സജ്ജീകരിക്കാം. ബാങ്കിൽ ഒരു സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ നൽകിയാൽ മാസാമാസം നിങ്ങൾ നിശ്ചയിച്ച തുക നിങ്ങളുടെ മ്യൂച്വൽ ഫണ്ട് സ്കീമിലേക്ക് കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേ നിക്ഷേപിക്കപ്പെടും. നിലവിലുള്ള നെറ്റ് അസറ്റ് വാല്യൂവിൽ (എൻഎവി) മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെ യൂണിറ്റുകൾ വാങ്ങുന്നു. വിപണി കുറയുമ്പോൾ കൂടുതൽ യൂണിറ്റുകളും വിപണി ഉയരുമ്പോൾ കുറച്ച് യൂണിറ്റുകളും വാങ്ങുന്നു.
നിങ്ങൾക്ക് ഓൺലൈനായോ ബാങ്ക് വഴിയോ എളുപ്പത്തിൽ ഒരു എസ്ഐപി ആരംഭിക്കാം. നിങ്ങൾക്ക് വ്യത്യസ്ത മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാനും ഇൻവെസ്റ്റ്മെന്റ് തുക, കാലാവധി, തിയ്യതി എല്ലാം ഇഷ്ടത്തിന് തിരഞ്ഞെടുക്കാനും സാധിക്കും. മ്യുച്ചൽ ഫണ്ടിലേക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേ പണം നിക്ഷേപിക്കുന്നതിനാൽ എസ്ഐപികൾ സൗകര്യപ്രദമായ മാർഗമാണ്. കൂടാതെ നിങ്ങളുടെ നിക്ഷേപ തുക, ആവർത്തി എന്നിവ മാറ്റുകയോ എപ്പോൾ വേണമെങ്കിലും എസ്ഐപി റദ്ദാക്കുകയോ ചെയ്യാം.
നേട്ടങ്ങൾ
സാധാരണക്കാർക്ക് ഒരു വലിയ തുക ഒരുമിച്ച് നിക്ഷേപിക്കുക, സ്റ്റോക്ക് മാർക്കറ്റിന്റെ അവസ്ഥകൾ അറിഞ്ഞു നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് സാധാരണക്കാരനു പറ്റിയ ഏറ്റവും നല്ല നിക്ഷേപ രീതിയാണ് എസ്ഐപി. ഇത് നമ്മളിൽ ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നു. സ്ഥിരമായി നിക്ഷേപിക്കുന്ന ശീലം വളർത്തിയെടുക്കാൻ എസ്ഐപികൾ സഹായിക്കുന്നു. ഇത് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ എളുപ്പമാക്കുന്നു. വരുമാനമില്ലാത്ത സമയത്ത് എസ്ഐപി നമ്മളെ സംരക്ഷിക്കുന്നു.
എസ്ഐപി മുഖേന നിക്ഷേപിക്കുമ്പോൾ റുപ്പീ കോസ്റ്റ് ആവറേജ് വിപണിയിലെ ചാഞ്ചാട്ടത്തിൻ്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. മാർക്കറ്റിൽ നിക്ഷേപിക്കുമ്പോൾ വൈകാരികമായ തീരുമാനങ്ങൾ എടുക്കൽ ഇതിൽ സംഭവിക്കില്ല. കാലക്രമേണ, നിങ്ങളുടെ നിക്ഷേപങ്ങൾ കോമ്പൗണ്ടിംഗിലൂടെ വളരും, ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ സഹായിക്കും.
നിങ്ങളുടെ നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുതകുന്നതായിരിക്കണം. ഉയർന്ന റിട്ടേൺ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടിൽ ഉയർന്ന റിസ്കുമുണ്ടെന്ന് അറിഞ്ഞിരിക്കണം. എസ്ഐപികൾ ഒരു ദീർഘകാല നിക്ഷേപമാണ്, അതിനാൽ ക്ഷമയോടെയിരിക്കേണ്ടത് പ്രധാനമാണ്, ഒറ്റരാത്രികൊണ്ട് ഫലങ്ങൾ പ്രതീക്ഷിക്കരുത്. മൂന്നുമാസം കൂടുമ്പോൾ മോണിറ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ശരിയായ ട്രാക്കിലാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ നിക്ഷേപങ്ങൾ പതിവായി അവലോകനം ചെയ്യുന്നത് നല്ലതാണ്. കാലക്രമേണ നിങ്ങളുടെ എസ്ഐപി തുക വർദ്ധിപ്പിക്കുകയും വേണം.
നിങ്ങൾ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും സമയം നിങ്ങളുടെ പണം വളരും. എസ്ഐപി ഏത് ദിവസം തുടങ്ങിയാലും ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് പ്രധാനം, എങ്കിലും സാലറി കിട്ടിയതിന് അടുത്ത ദിവസം തന്നെയാണ് എസ്ഐപി ഇടാനുള്ള ഏറ്റവും നല്ല ദിവസം. എസ്ഐപി വേണമെങ്കിൽ കുറച്ചുകാലത്തേക്ക് നിർത്തി വയ്ക്കാം. ജോലി നഷ്ടപ്പെടുമ്പോഴോ എമർജൻസി വരുമ്പോഴോ മാത്രം എസ്ഐപി നിർത്തിവയ്ക്കുന്നതാണ് നല്ല രീതി. അല്ലാതെ മാർക്കറ്റ് ഇടിഞ്ഞു എന്നുകാണുമ്പോൾ എസ്ഐപി നിർത്തിവയ്ക്കുന്നത് നല്ല ശീലമല്ല. എസ്ഐപിയിൽ പണം നിക്ഷേപിക്കുന്നത് നിർത്തിയാലും അതുവരെ നിക്ഷേപിച്ച പണം സ്റ്റോക്ക് മാർക്കറ്റിൽ വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് ഓർക്കുക. ഒന്നോരണ്ടോ എസ്ഐപി ഇൻസ്റ്റാൾമെൻറ് തെറ്റിയാലും പ്രശ്നമില്ല എന്നാൽ തുടർച്ചയായി മൂന്നുമാസം എസ്ഐപി നിക്ഷേപിക്കാതിരുന്നാൽ എസ്ഐപി റദ്ദാക്കപ്പെടാം. നിങ്ങൾ നിക്ഷേപത്തിൽ പുതിയ ആളാണെങ്കിൽ, ഒരു സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് പ്രൊഫഷണൽ ഉപദേശം തേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ് എസ്ഐപി. അവ ലളിതവും സൗകര്യപ്രദവുമാണ്, കൂടാതെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് തന്നെ നിങ്ങളുടെ എസ്ഐപി ആരംഭിച്ച് ശോഭനമായ ഒരു സാമ്പത്തിക ഭാവിയിലേക്ക് ചുവടുവെക്കൂ!