സ്റ്റോക്ക് മാർക്കറ്റ് അറിഞ്ഞു തുടങ്ങാം

CashCraft

ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ്, ഓഹരി വിപണി ഇങ്ങനെ പല പേരുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഓഹരി വിപണിയില്‍ പണം ഉണ്ടാക്കിയ വാരെന്‍ ബഫ്ഫെറ്റ് , രാകേഷ് ജുന്‍ജുന്‍വാല എന്നിവരുടെ കഥകള്‍ കേള്‍ക്കുമ്പോൾ ആവേശം തോന്നാറുള്ള നമ്മളിൽ പലർക്കും നമ്മുടെ പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഓഹരി വിപണിയില്‍ ഇറങ്ങി കൈ പൊള്ളി പണം നഷ്ടപ്പെട്ട കഥകള്‍ മറുവശത്ത് കേട്ട് ഭീതി തോന്നിയിട്ടുമുണ്ടാകും. ഈ കഥകളും ഓഹരി വിപണി ഒരു ചൂതാട്ടമാണ് എന്ന വ്യാപക പ്രചാരണവും മൂലം സ്റ്റോക്ക് മാർക്കറ്റ് ഇപ്പോഴും സാധാരണക്കാരന്‌ ഒരു വിലക്കപ്പെട്ട കനിയായി നിലകൊള്ളുന്നു. എങ്കിൽക്കൂടി സ്റ്റോക്ക് മാർക്കറ്റിന്റെ പ്രാധാന്യവും അതിനോടുള്ള അഭിനിവേശവും നാൾക്കുനാൾ കൂടി വരികയാണ്.

സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നഷ്ടപ്പെടുമോ എന്നുള്ള ഭയവും സാധാരണക്കാരനെ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പിന്നോട്ട് വലിക്കുന്നു. നിങ്ങൾ വിചാരിക്കുന്നതുപോലെ സ്റ്റോക്ക് മാർക്കറ്റ് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല. എന്താണ് ശരിക്കും സ്റ്റോക്ക് മാർക്കറ്റ്? ഒരു കമ്പനിയുടെ ഷെയർ അല്ലെങ്കിൽ ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലം എന്നതാണ് സ്റ്റോക്ക് മാർക്കറ്റിന്റെ ഏറ്റവും ലളിതമായ വിശദീകരണം.

ഇന്ത്യയിലെ വലിയ കമ്പനികൾ മാർക്കറ്റിൽ നിന്നും പൈസ ശേഖരിക്കുന്നതിനായി അവരുടെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നു. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഷെയറുകൾ ആളുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഒരു ഷെയർ വാങ്ങുമ്പോൾ കമ്പനിയുടെ ഒരു ചെറിയ ഉടമസ്ഥാവകാശം നിങ്ങൾക്ക് ലഭിക്കുന്നു. കമ്പനി അഭിവൃദ്ധി പ്രാപിക്കുമ്പോൾ, അതിന്റെ ഓഹരി വില ഉയരും, നിങ്ങൾക്ക് ലാഭം ഉണ്ടാക്കും. എന്നാൽ കമ്പനി തകരുകയാണെങ്കിൽ, വില കുറയുകയും നഷ്ടം സഹിക്കേണ്ടിവരികയും ചെയ്യും.

രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും മറ്റു കമ്പനിക്കുള്ളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരിവിപണികള്‍ നിലവില്‍ വന്നത്. ബിസിനസുകൾക്ക് പൈസ സമാഹരിക്കാനുള്ള ഒരു നല്ല സംവിധാനമാണ് ഷെയർ മാർക്കറ്റ്.

കമ്പനികൾ വിപുലീകരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഷെയർ മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യുക എന്നത്. അതിനായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയിലും എൻ‌എസ്‌ഇയിലും ലിസ്റ്റ് ചെയ്യാം. ഇത്തരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെ ലിസ്റ്റഡ് കമ്പനികള്‍ എന്നു വിളിക്കുന്നു. ഇനീഷ്യൽ പബ്ലിക് ഓഫറിംഗ്(ഐപിഒ) വഴിയാണ് ആദ്യമായി കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടന്നുവരുന്നത്. ഒരു കമ്പനി ആദ്യമായി അതിന്റെ ഓഹരികൾ പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുമ്പോൾ അതിനെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) എന്ന് പറയുന്നു. ആദ്യമായി ഓഹരികൾ വിൽക്കപ്പെടുന്നതിനെ പ്രൈമറി മാർക്കറ്റ് എന്ന് പറയുന്നു. ഇതിനുശേഷം ഈ ഓഹരികൾ സെക്കൻഡറി മാർക്കറ്റിലേക്ക് പോകുന്നു അവിടെയാണ് ഷെയറുകൾ ആളുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്.

ഇന്ത്യയില്‍ പ്രധാനമായും രണ്ട് ഓഹരി വിപണികളാണുള്ളത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും(ബി‌എസ്‌ഇ) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും(എൻ‌എസ്‌ഇ). 1875ൽ പ്രവർത്തനം ആരംഭിച്ച ബി‌എസ്‌ഇ ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തിൽ 1994ൽ പ്രവർത്തനം ആരംഭിച്ച എൻ‌എസ്‌ഇ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. ഇന്ത്യയിൽ ഇലക്ട്രോണിക് അല്ലെങ്കിൽ സ്ക്രീൻ അധിഷ്ഠിത വ്യാപാരം അവതരിപ്പിച്ചുകൊണ്ട് ഇത് ഓഹരി വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. കൂടാതെ ട്രേഡ് ചെയ്ത കരാറുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് കൂടിയാണ് എൻസ്ഇ.

ഇന്ത്യൻ ഓഹരി വിപണിയിൽ ആയിരക്കണക്കിന് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയിൽ‌ നിന്നും സമാനമായ കുറച്ച് സ്റ്റോക്കുകൾ‌ ഒന്നിച്ച് വർ‌ഗ്ഗീകരിച്ച് ഒരു ഇൻ‌ഡെക്സ് രൂപീകരിച്ചിട്ടുണ്ട്. എക്സ്ചേഞ്ചിന്റെ മൊത്തത്തിലുള്ള പ്രകടനം അളക്കുന്ന ഒരു ബെഞ്ച്മാർക്കായി കണക്കാക്കുന്നത് ഈ സ്റ്റോക്ക് സൂചികയാണ്. ഈ സ്റ്റോക്ക് ഇൻ‌ഡെക്‌സാണ് സെൻ‌സെക്‌സും നിഫ്റ്റിയും. ബി‌എസ്‌ഇ സെൻ‌സെക്സിൽ 30 ഓഹരികളും എൻ‌എസ്‌ഇ നിഫ്റ്റിയിൽ 50 ഓഹരികളും ഉൾപ്പെടുന്നു. ബി‌എസ്‌ഇയിൽ അയ്യായിരതിലധികം ലിസ്റ്റഡ് കമ്പനികളുണ്ട്; എൻ‌എസ്‌ഇയിൽ ആയിരത്തിഅറനൂറിലധികവും.

ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി സ്ഥാപിതമായതാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഷെയർ മാർക്കറ്റ് മുഴുവനായും റെഗുലേറ്ററായ സെബിയുടെ കീഴിലാണ്. ഷെയർ മാർക്കറ്റിന്റെ ഓരോ പ്രവർത്തനങ്ങളും സെബി നിരീക്ഷിക്കുന്നുണ്ട്.

സ്റ്റോക്ക് എക്സ്ചേഞ്ചിലെ എല്ലാ ഇടപാടുകളും എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്റ്റോക്ക് ബ്രോക്കർ വഴിയാണ് നടത്തേണ്ടത്. ഷെയറുകൾ ഡിജിറ്റൽ ഫോർമാറ്റുകളിലാണ് ഇന്നുള്ളത്. ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മൂന്നുതരം അക്കൗണ്ടുകൾ നമുക്ക് ഉണ്ടായിരിക്കണം. സേവിങ് അക്കൗണ്ട്, ട്രേഡിങ് അക്കൗണ്ട് പിന്നെ ഡീമാറ്റ് അക്കൗണ്ട്. ഒരു സ്റ്റോക്ക് ബ്രോക്കറുടെ സഹായത്തോടെയോ ട്രേഡിങ് ആപ്പ് വഴിയോ അക്കൗണ്ടുകൾ എളുപ്പത്തിൽ തുടങ്ങാം. ഡീമാറ്റ് അക്കൗണ്ടിലാണ് ഓഹരികൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നത്. ആദ്യം സേവിങ് അക്കൗണ്ടിലുള്ള പണം ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുന്നു. ട്രേഡിങ് അക്കൗണ്ട് വഴി ആ പണം ഉപയോഗിച്ച് ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.

സ്റ്റോക്ക് മാർക്കറ്റിൽ മൂന്നുവിധത്തിലുള്ള ഇൻവെസ്റ്റ്മെന്റുകൾ ചെയ്യാം. ഒന്നെങ്കിൽ സ്വന്തമായി വാങ്ങാം അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട്സിൽ നിക്ഷേപിക്കാം അതുമല്ലെങ്കിൽ ഇൻഡക്സ് ഫണ്ടിലോ ഇടിഎഫിലോ നിക്ഷേപിക്കാം. ഷെയർ മാർക്കറ്റിൽ ചില കമ്പനികൾ ഓഹരികൾക്ക് ഡിവിഡന്റ് നൽകും. കൂടാതെ ഷെയർ വാങ്ങി വയ്ക്കുകയാണെങ്കിൽ അതിൻറെ വില ഭാവിയിൽ കൂടാം അങ്ങനെ വരുമ്പോൾ നിക്ഷേപകന് ലാഭം കിട്ടും.

ഓഹരികൾക്കപ്പുറം, ഇന്ത്യൻ വിപണിയിൽ ലിസ്‌റ്റഡ് കമ്പനികളുടെ വൈവിധ്യമാർന്ന നിരയുണ്ട്. ഊർജം, ഇൻഫ്രാസ്ട്രക്ചർ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ ഭീമന്മാർ മുതൽ ഐടി, ഇ-കൊമേഴ്‌സ്, തുടങ്ങിയവയിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾ വരെ, വിപണി നിക്ഷേപ അവസരങ്ങളുടെ ഒരു നീണ്ടസാധ്യത തന്നെയുണ്ട്. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, എസ്‌ഐ‌പി, ഡെറിവേറ്റീവുകൾ, കറൻസി, കമ്മോഡിറ്റി, ബോണ്ടുകൾ തുടങ്ങി നിരവധി ഫിനാൻഷ്യൽ അസറ്റുകളുണ്ട്. ഈ വൈവിധ്യം പണം നഷ്ടപ്പെടാനുള്ള സാധ്യത ലഘൂകരിക്കുക മാത്രമല്ല, ഇന്ത്യയുടെ വളർന്നുവരുന്ന സാമ്പത്തിക വളർച്ചയുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്നു.

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ലക്ഷങ്ങളും കോടികളും ആവശ്യമില്ല. കുറഞ്ഞത് 500 രൂപയുണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലാ മാസവും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപം നിങ്ങളുടെ ജീവിതത്തിലേക്ക് അച്ചടക്കം കൊണ്ടുവരുന്നു. അനിശ്ചിതത്വത്തിന്റെ ഈ ലോകത്ത്, സുരക്ഷിതമായ ഒരു ഭാവി ലഭിക്കാൻ നിങ്ങൾക്ക് തീർച്ചയായും ഒരു ബാക്കപ്പ് പ്ലാൻ ആവശ്യമാണ്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുമ്പോൾ, കോമ്പൗണ്ടിംഗിന്റെ ശക്തി കാരണം ഒരു നിശ്ചിത സമയത്തിനുശേഷം നിങ്ങൾക്ക് ഉയർന്ന വരുമാനവും ലഭിക്കും.

ഇന്ത്യൻ ജനസംഖ്യയിലെ 2-3% പേർ മാത്രമാണ് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമല്ല ഓഹരി വിപണി. കുറച്ചുസമയത്തിനുള്ളിൽ കുറെ പൈസ എന്ന ലക്ഷ്യത്തോടെയാണ് വരുന്നതെങ്കിൽ ഇത് നല്ലൊരു മാർഗമേയല്ല. പെട്ടെന്നുള്ള സമ്പത്ത് പ്രതീക്ഷിക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ആളുകൾക്ക് മികച്ച വരുമാനം നേടുന്നതിനുള്ള അവസരമാണെങ്കിലും അതിൽ റിസ്ക് അന്തർലീനമാണ്. അതിനാൽ ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് ഇന്ത്യൻ വിപണിയുടെ സൂക്ഷ്മതകൾ മനസ്സിലാക്കുന്ന സാമ്പത്തിക ഉപദേഷ്ടാക്കളുടെ വിദഗ്‌ദ്ധോപദേശം തേടുന്നത് നല്ലതായിരിക്കും. സ്റ്റോക്ക് മാർക്കറ്റിനെ പഠിച്ചു അറിഞ്ഞു മനസിലാക്കി നിക്ഷേപിക്കുക.