ഒരു ബിസിനസ് തുടങ്ങിയാലോ ?

CashCraft

ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹമുണ്ട്; എന്നാൽ എന്ത് ബിസിനസ് തുടങ്ങും, അത്തരം ഒരു ചിന്തയിലാണോ നിങ്ങൾ? നിങ്ങളുടെ ആശയങ്ങൾ ആരോട് പറഞ്ഞാലും ഇതൊന്നും നടപടിയാവില്ലെന്ന് കേട്ട് കേട്ട് മടുത്തോ? അതോ ഒരു ബിസിനസ് തുടങ്ങാനായുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണോ നിങ്ങൾ? മനസിലാക്കൂ എല്ലാ സംരംഭകരും തുടക്കത്തിൽ നേരിടുന്ന ചില വെല്ലുവിളികൾ മാത്രമാണ് ഇവയെല്ലാം. 

പലരുടെയും മനസ്സിലുള്ള ഒരാഗ്രഹമാണ് ബിസിനസ് തുടങ്ങുക എന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും മനസ്സുനിറയെ ഒരു സംരംഭം തുടങ്ങാൻ  തുടിക്കുന്നുണ്ടാകും. ജോലി ചെയ്ത് പരിചയസമ്പത്ത് ആയിക്കഴിയുമ്പോൾ ആ മേഖലയിൽ തന്നെ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നവരുമുണ്ട്. ജോലി ഉപേക്ഷിച്ചു ബിസിനസിലേക്ക് ഇറങ്ങുന്നവരുമുണ്ട്. പഠനശേഷം നേരിട്ട് ബിസിനസ് തിരഞ്ഞെടുക്കുന്നവരാണ് അധികവും. 

ബിസിനസിലേക്ക് ഇറങ്ങുമ്പോൾ ചുറ്റുപാടിൽനിന്നുമുള്ള  നിരുത്സാഹപ്പെടുത്തലുകളായിരിക്കും ഒരു സംരംഭകൻ ആദ്യം നേരിടേണ്ടിവരിക. ബിസിനസുകൾ കൂടുതലും തകരുന്നതാണ് നമുക്ക് ചുറ്റും കാണുന്നത്. അതിനാൽ തന്നെ മിക്കപ്പോഴും നാട്ടുകാരും വീട്ടുകാരും ഈ കാര്യത്തിൽ കൂടെ നിന്നെന്നു വരില്ല. അതുപോലെ ഒരാളുടെ  സമയം, പൈസ, കഴിവ് എല്ലാം തന്നെ വളരെ കൂടുതലായി ചെലവഴിക്കേണ്ട ഒരു മേഖലയാണിത്. സർക്കാർ ജോലി പോലെ രാവിലെ തുടങ്ങി വൈകിട്ട് അവസാനിപ്പിക്കുന്ന ഒന്നല്ല ബിസിനസ്. മനസ്സിലെപ്പോഴും ബിസിനസിനെക്കുറിച്ച് ചിന്തിക്കുകയും ബിസിനസ് വളർച്ച സ്വപ്നം കാണുകയും ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ എന്തെല്ലാം ചെയ്യണമെന്ന് വ്യക്തമായ ധാരണയുണ്ടാക്കുകയും വേണം.

ഒന്നുമില്ലാത്തിടത്തു നിന്ന് ഒരു ആശയം കണ്ടെത്താനും അതിനാവശ്യമായ റിസോഴ്സുകൾ കൊണ്ടുവരാനും അത് ഉപയോഗിച്ച് നല്ലൊരു ഉൽപ്പന്നം അല്ലെങ്കിൽ പ്രശ്നപരിഹാരം കണ്ടെത്താനും അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുത്താനും കഴിയുന്നവനാണ് സംരംഭം ആരംഭിക്കാൻ ഏറ്റവും അനുയോജ്യൻ. വളവുകളും തിരിവുകളും സന്തോഷമിഷങ്ങളും പരാജയത്തിന്റെ പടുകുഴികളും സംശയത്തിന്റെയും തടസങ്ങളും നിറഞ്ഞ ഒരു പാതയാണിത്. അതിനെയെല്ലാം തരണംചെയ്ത് ലക്ഷ്യത്തിലേക്ക് കുതിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ യാത്ര ഇവിടെ തുടങ്ങാം.

ആശയം ബിസിനസാക്കാം

എല്ലാ വിജയകരമായ ബിസിനസ്സും ആരംഭിക്കുന്നത് ശക്തവും പ്രായോഗികവുമായ ആശയത്തിൽ നിന്നാണ്. എല്ലാ ബിസിനസും ഒരു പ്രശ്നത്തിനുള്ള പരിഹാരമാണ്. നിങ്ങൾക്ക് ചുറ്റും കുറെ പ്രശ്നങ്ങളുണ്ട് അത് നിങ്ങൾക്ക് കാണാനും മനസ്സിലാക്കാനും പറ്റുന്നുണ്ടോ; ഒന്നിനെങ്കിലും പരിഹാരം കണ്ടുപിടിക്കാൻ പറ്റുന്നുണ്ടോ; ആ പരിഹാരമാണ് നിങ്ങളുടെ ബിസിനസ്. ചുറ്റും നോക്കുക, വിപണിയിലെ വിടവുകൾ തിരിച്ചറിയുക, നിങ്ങളുടെ കഴിവുകളും അറിവുമുപയോഗിച്ചു  നികത്താൻ കഴിയുന്ന പ്രശ്നങ്ങൾ  പരിഗണിക്കുക. വിപണിയെ  വിശകലനം ചെയ്യുക, നിങ്ങളുടെ ടാർഗെറ്റ് ആളുകളെ മനസ്സിലാക്കുക, നിങ്ങളുടെ ആശയത്തിന്റെ സാധ്യതകൾ കണ്ടെത്തുക.

ബിസിനസിന് ഇറങ്ങുമ്പോൾ അതിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കണം. മറ്റുള്ളവർ ചെയ്തു വിജയിച്ചു എന്നതുകൊണ്ട് ഒരു ബിസിനസ് തിരഞ്ഞെടുക്കരുത്. എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ബിസിനസുകളെ കോപ്പി ചെയ്യരുത്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസ് പുറത്തുനിന്നുള്ള ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാനും സാധിക്കരുത്. അതായത് പരിഹാരങ്ങൾ കണ്ടെത്തുന്ന പ്രശ്നങ്ങൾ അല്പം കാട്ടിയുള്ളതായിരിക്കണം. നിങ്ങളുടെതായൊരു കൈയൊപ്പും നിങ്ങളുടെ ബിസിനസിൽ കൊണ്ടുവരണം.

ബിസിനസ് പ്ലാൻ ചെയ്യാം

ബിസിനസ് തുടങ്ങുമ്പോൾ പ്ലാൻ ചെയ്തു തന്നെ തുടങ്ങണം. ഒന്നോ രണ്ടോ വർഷം എങ്ങനെ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ബിസിനസ് തുടങ്ങുന്നതിനു മുൻപേ പ്ലാൻ ചെയ്താൽ മാത്രമേ ഇതിനെ വിജയത്തിലെത്തിക്കാൻ സാധിക്കൂ. ബിസിനസിന്റെ  തുടക്കം മുതൽ ചിലവുകളുണ്ട്. അവയ്ക്ക് എങ്ങനെ പണം കണ്ടെത്താമെന്നും അതെങ്ങനെ ശരിയായി വിനിയോഗിക്കാമെന്നും അറിഞ്ഞിരിക്കണം.  ബിസിനസ് പ്ലാൻ ചെയ്യുന്നത് അനാവശ്യ ചിലവുകൾ കഴിവതും ഒഴിവാക്കാൻ സഹായിക്കും.

ബിസിനസ് പ്ലാൻ വിജയത്തിലേക്കുള്ള വഴികാട്ടിയാണ്. ഇത് നമ്മുടെ കാഴ്ചപ്പാട്, ദൗത്യം, തന്ത്രങ്ങൾ എന്നിവയുടെ രൂപരേഖ നൽകുന്നു. ടാർഗെറ്റ് മാർക്കറ്റ്, മത്സരാധിഷ്ഠിത ലാൻഡ്സ്കേപ്പ്, മാർക്കറ്റിംഗ് സമീപനം, സാമ്പത്തിക പ്രവചനങ്ങൾ എന്നിവ നിർവ്വചിക്കുന്നു. ഇത് നിക്ഷേപകരെ ആകർഷിക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും സഹായിക്കുന്നു.

ഇനി ബിസിനസിനു നല്ലൊരു പേര് കണ്ടെത്തുക. ആവശ്യങ്ങളും നിയമപരമായ പരിഗണനകളും കണക്കാക്കി ബിസിനസ് വൺ പേഴ്സൺ കമ്പനി, എൽഎൽപി, പ്രൈവറ്റ് കമ്പനി തുടങ്ങിയവയിൽ ഏതാണെന്ന് തീരുമാനിക്കുക. ബിസിനസ്സ് രജിസ്റ്റർ ചെയ്യുക. ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും നേടുക, പ്രൊഫഷണൽ മാർഗനിർദേശം തേടുന്നത് തലവേദന ഒഴിവാക്കും.

സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്താം

ബിസിനസ് എത്രമാത്രം ആളുകളിലേക്ക് എത്തിക്കാൻ കഴിയുന്നു എന്നതും പ്രധാനമാണ്. ഒരു ആശയം ബിസിനസാക്കുമ്പോൾ അത് കുറെ ആളുകളുടെ ആവശ്യം നിറവേറ്റുന്നതാണെങ്കിൽ ആ ബിസിനസ് വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ബിസിനസിൽ മാർക്കറ്റിംഗ് വളരെ പ്രാധാന്യമുള്ളതാണ്. അനുയോജ്യമായ ഉപഭോക്താക്കളിലേക്ക് എത്താൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, ടാർഗെറ്റുചെയ്‌ത മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുക. 

ബിസിനസ് സിസ്റ്റമാറ്റിക്കായി ചെയ്താൽ ഏത് ബിസിനസും വിജയിപ്പിക്കാം. ഓരോ സംരംഭകനും നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. മാർക്കറ്റിന്റെ മാറ്റങ്ങൾ അറിഞ്ഞുകൊണ്ടിരിക്കണം.  ബിസിനസ് തുടങ്ങിയാൽ ആ മേഖലയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുക. തുടങ്ങുന്നത് ലാഭം മാത്രം മുന്നിൽകണ്ടുകൊണ്ടാകരുത്. ആദ്യത്തെ മൂന്നു മുതൽ ആറുമാസം വരെ ലാഭം ലഭിക്കാൻ സാധ്യത കുറവാണെന്ന് മനസ്സിൽ ഓർക്കണം. തിരിച്ചൊന്നും ആദ്യസമയത്ത് കിട്ടിയില്ലെങ്കിലും ആത്മാർത്ഥമായി പണിയെടുക്കാൻ മനസ്സും ഉണ്ടായിരിക്കണം

ഓർക്കുക, ഒരു ബിസിനസ് ആരംഭിക്കുന്നത് ഒരു മാരത്തൺ ആണ്. വെല്ലുവിളികൾ ഉണ്ടാകും, തിരിച്ചടികൾ ഉണ്ടാകും. സ്ഥിരത പുലർത്തുക, ഓരോ ഘട്ടത്തിൽ നിന്നും പഠിക്കുക, നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുക. അർപ്പണബോധവും സ്ഥിരോത്സാഹവും ശരിയായ മാർഗ്ഗനിർദ്ദേശവും ഉപയോഗിച്ച്, ദീർഘവീക്ഷണത്തോടെ മുന്നോട്ടുപോവുക. നിങ്ങളുടെ ആശയത്തിന്റെ ചെറിയ വിത്ത്, വരും വർഷങ്ങളിൽ പൂക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന ഒരു ബിസിനസാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും.